‘കുഴിയില്‍നിന്ന് പണിക്കാര്‍ പഴങ്കഞ്ഞി കഴിക്കുന്നത് ഓര്‍ക്കുമ്പോള്‍ കൊതി വരും’ -കൃഷ്ണകുമാറിനെതിരെ പരാതി
text_fieldsതിരുവനന്തപുരം: യുട്യൂബ് വീഡിയോയിലെ ജാതീയ പരാമർശത്തിൽ ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറിനെതിരെ പരാതി. സാമൂഹിക പ്രവർത്തക ധന്യ രാമനാണ് പരാതി നൽകിയത്. സംഭവത്തിന് കാരണകാരായ മുഴുവൻ പേർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
പണ്ട് കാലത്ത് തന്റെ വീട്ടിൽ ആചരിച്ചിരുന്ന തൊട്ടുകൂടായ്മ സമ്പ്രദായങ്ങളെ ഗൃഹാതുരതയോടെ ഓർക്കുന്ന കൃഷ്ണ കുമാറിന്റെ യുട്യൂബ് വിഡിയോ ദിവസങ്ങൾക്ക് മുമ്പ് പ്രചരിക്കുകയായിരുന്നു. വീട്ടിൽ ജോലിക്ക് വന്നിരുന്ന പിന്നാക്ക ജാതിയിലുള്ളവര്‍ക്ക് മണ്ണില്‍ കുഴികുത്തി അതില്‍ കഞ്ഞി ഒഴിച്ചു കൊടുത്തിരുന്നതിനെക്കുറിച്ചാണ് ബി.ജെ.പി നേതാവ് വിശദീകരിച്ചത്. ചേമ്പില വിരിച്ച കുഴിയില്‍ നിന്ന് പണിക്കാര്‍ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരുമെന്ന് ബി.ജെ.പി നേതാവ് പറഞ്ഞിരുന്നു.
ഇതോടെ തൊട്ടുകൂടായ്മയെ ന്യായീകരിക്കുന്ന തരത്തിലുള്ള കൃഷ്ണകുമാറിന്‍റെ പരാമര്‍ശം വിവാദമായി. നിരവധി പേർ സമൂഹമാധ്യമങ്ങളിൽ കൃഷ്ണകുമാറിനെതിരെ രംഗത്തുവരികയും ചെയ്തു. ഇതിനുപിന്നാലെയാണ് പരാതി നൽകിയ വിവരം ധന്യ രാമൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
ധന്യ രാമന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
പരാതി നൽകി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്കു.
ബഹുമാനപ്പെട്ട തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ മുൻപാകെ ധന്യ രാമൻ ബോധിപ്പിക്കുന്ന പരാതി.
വിഷയം: ബിജെപി നേതാവും മുൻ തിരെഞ്ഞെടുപ്പ്ലെ തിരുവനന്തപുരം നിയമസഭ മണ്ഡലo സ്ഥാനാർഥിയും ആയിരുന്ന കൃഷ്ണകുമാർ, ഇന്ത്യൻ ഭരണ ഘടന പ്രകാരവും രാജ്യത്ത് നിലവിലിരിക്കുന്ന നിയമ പ്രകാരവും നിരോധിച്ചതും കുറ്റകര മാക്കിയതുമായ തൊട്ടുകൂടായ്മയും ജാതീയ പരമായ വിലക്കും മനുഷ്യ അവകാശങ്ങളെ ലംഘിച്ചും നടത്തിയ കുറ്റകൃത്യങ്ങളെ പറ്റി സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനെ കുറിച്ച് കേസ് എടുക്കുന്നത് സംബന്ധിച്ച്.
സർ,
സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കപ്പെട്ട വീഡിയോയിൽ കൃഷ്ണ കുമാറിന്റെ മാതാവ് തറയിൽ കുഴി കുഴിച്ചു ആൾക്കാർക്ക് ആഹാരം കൊടുത്തതായി വെളിപ്പെടുത്തിയിരിക്കുന്നു. ആയത് ഇവിടുത്തെ പിന്നോക്ക വിഭാഗക്കാരെയും ഭരണ ഘടന നിലവിൽ വന്ന ശേഷവും 1955 ലെ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട് ഈ രാജ്യത്ത് നിലവിൽ വന്ന ശേഷവും ആണെന്ന് മനസിലാക്കാവുന്നതാണ്. നിയമപരമായി നിരോധിച്ചതും കുറ്റകരമാക്കിയതുമായ മേപ്പടി പ്രവർത്തി ശിക്ഷാർഹവുമാണ്. ഈ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി പിന്നോക്ക വിഭാഗക്കാരിയായ എനിക്ക് ഈ വെളിപ്പെടുത്തലിൽ അതീവ ദുഖവും ഞെട്ടലും ആയതിൽ മാനസീക വേദന ഉണ്ടായിട്ടുള്ളതും ടിയാനും ടിയാന്റെ ബന്ധുക്കളും നടത്തിയ മേപ്പടി കുറ്റകൃത്യത്തിൽ എനിക്ക് പരാതി ഉണ്ട്. ഈ സംഭവത്തിന് കാരണകാരായ മുഴുവൻ പേർക്കെതിരെയും കർശനമായ നിയമ നടപടി കൾ സ്വീകരിക്കുന്നതിനു ഈ പരാതി അങ്ങയുടെ മുൻപിൽ ബോധിപ്പിക്കുന്നു
എന്ന്
ധന്യ രാമൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.