എം.എം. ലോറൻസിന്‍റെ മൃതദേഹത്തോട് മകൾ അനാദരവ് കാട്ടിയെന്ന് പരാതി
text_fieldsകൊച്ചി: അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹത്തോട് എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിനിടെ മകൾ ആശ ലോറൻസ് അനാദരവ് കാണിച്ചെന്ന് പൊലീസിൽ പരാതി. എം.എം. ലോറൻസിന്‍റെ സഹോദരീപുത്രിയുടെ മകൻ അഡ്വ. അരുൺ ആൻറണിയാണ് കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.
മരണശേഷം ശരീരം മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കണമെന്ന ആഗ്രഹം ലോറൻസ് മകൻ അഡ്വ. എം.എൽ. സജീവൻ ഉൾപ്പെടെയുള്ളവരോട് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ആശ ലോറൻസ് ഇതിന് വിരുദ്ധമായി മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. അവർ ആഗ്രഹിച്ചതുപോലെ അനുകൂല വിധി ലഭിക്കാത്തതിനെത്തുടർന്ന് താൻ ഉൾപ്പെടെയുള്ള മറ്റ് ബന്ധുക്കളുടെയും വികാരം മുറിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ മകൻ മിലനുമായി കൂടിയാലോചിച്ച് പൊതുദർശനത്തിനിടെ അതിക്രമം നടത്തിയെന്നാണ് പരാതി.
ഫ്രീസറിന്‍റെ മൂടി ബലമായി എടുത്തുമാറ്റാൻ ശ്രമിച്ചു. അടുത്ത ബന്ധുക്കൾ തടഞ്ഞപ്പോൾ സി.പി.എം മുർദാബാദ് എന്ന് ആക്രോശിച്ച് ലോറൻസ് മരണംവരെ സൂക്ഷിച്ച വിശ്വാസത്തെയും കൂറിനെയും അധിക്ഷേപിച്ച് അനാദരവ് കാണിച്ചു. സന്ദർശകരുടെ പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തു.
പൊലീസിന്‍റെ സാന്നിധ്യത്തിലാണ് ഹൈകോടതി ഉത്തരവിനെയും അവിടെക്കൂടിയ ജനങ്ങളെയും ലോറൻസിനെയും അവഹേളിച്ചത്. ആശയുടെ മകൻ മിലനും ഇതിൽ പങ്കാളിയായി. ഹൈകോടതി വിധിയുടെ ലംഘനമാണ് ആശ ലോറൻസിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും പരാതിയിൽ അരുൺ ആൻറണി വ്യക്തമാക്കി. പരാതി കമീഷണർ എറണാകുളം സെൻട്രൽ പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.