കാലിക്കറ്റിൽ ഇക്കണോമിക്സ് അധ്യാപക അഭിമുഖത്തിനെതിരെയും പരാതി
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ അധ്യാപക തസ്തിക അഭിമുഖത്തിലെ ക്രമക്കേടുകൾക്കെതിരെ ഉദ്യോഗാർഥികൾ രംഗത്ത്. ഈ മാസം 21 മുതൽ മൂന്നു ദിവസങ്ങളിലായി നടന്ന അഭിമുഖത്തിനെതിരെയാണ് ആക്ഷേപം. ഇക്കണോമിക്സ് വിഷയ വിദഗ്ധനായി സമിതിയിലുണ്ടായിരുന്ന പ്രഫസറുടെ കീഴിൽ ഗവേഷണം നടത്തിയ യുവതിയും അഭിമുഖത്തിനുണ്ടായിരുന്നു.
ഈ വിദ്യാർഥിനിയെ തെരഞ്ഞെടുക്കാൻ ഈ പ്രഫസർ ശ്രമിക്കുമെന്ന് അഭിമുഖത്തിൽ പെങ്കടുത്ത 20 പേർ സിൻഡിക്കേറ്റിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ചില വിദഗ്ധർ അഭിമുഖത്തിനിടെ കളിയാക്കിയതായും ആക്ഷേപമുണ്ട്.
വിഷയ വിദഗ്ധരായി വിവിധ സർവകലാശാലകളിൽനിന്നെത്തിയവർക്ക് തങ്ങളുടെ അത്രപോലും കഴിവില്ലെന്ന് അഭിമുഖത്തിൽ പങ്കെടുത്തവർ തുറന്നടിക്കുന്നു. തെരഞ്ഞെടുപ്പ് സമിതിയിലുള്ളവരേക്കാൾ ഗവേഷണ പരിചയവും പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച പരിചയവുമുള്ളവരായിരുന്നു ഉദ്യോഗാർഥികളിൽ പലരും. സി.ഡി.എസ് പോലെയുള്ള പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയില്ലെന്നും പരാതിയിൽ പറയുന്നു.
യു.ജി.സി നിബന്ധനയനുസരിച്ച് ഗവേഷണകാര്യത്തിൽ അധ്യാപകർക്ക് അറിവുണ്ടോയെന്ന് പരിശോധിക്കണം. എന്നാൽ, അഭിമുഖം നടത്തിയവർ ഗവേഷണകാര്യമൊന്നും ചോദിച്ചില്ല. സ്വന്തം കഴിവുകളും പ്രവർത്തന പരിചയവും അവതരിപ്പിക്കാനും സമയം നൽകിയില്ല. സ്വയം പരിചയപ്പെടുത്താൻപോലും സമയം തന്നില്ല.
അന്തർദേശീയ, ദേശീയ സ്കോളർഷിപ്പുകളടക്കം ലഭിച്ചവർക്കാണ് അഭിമുഖത്തിൽ അവഗണന നേരിട്ടത്. ഇത്തരം കഴിവുകൾക്കെല്ലാം വെയ്റ്റേജ് മാർക്കുണ്ടായിരിക്കെയാണ് പ്രഹസന നടപടികളുണ്ടായത്. നിലവിലെ ഇക്കണോമിക്സ് പഠനവകുപ്പ് മേധാവി അസിസ്റ്റൻറ് പ്രഫസർ പദവിയുള്ളയാളാണ്. ഇദ്ദേഹം തന്നെ അസി. പ്രഫസർമാരെ തെരഞ്ഞെടുക്കാനുള്ള സമിതിയിലുള്ളത് ചട്ടലംഘനമാണ് -പരാതിയിൽ പറയുന്നു. വിദഗ്ധരെ ഉൾപ്പെടുത്തി പുതിയ പാനലുണ്ടാക്കി വീണ്ടും ഇൻറർവ്യൂ നടത്തണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.