ജി. സുധാകരനെതിരായ പരാതി: പരാതിക്കാരി വിഡിയോ ഹാജരാക്കണമെന്ന് നിർദേശം
text_fieldsആലപ്പുഴ: മന്ത്രി ജി. സുധാകരൻ വാർത്തസമ്മേളനത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ വിഡിയോ ഹാജരാക്കാൻ പരാതിക്കാരിക്ക് പൊലീസ് നിർദേശം. പരാതിക്കാരിയും സുധാകരന്റെ മുൻ പേഴ്സനൽ സ്റ്റാഫ് വേണുഗോപാലിന്റെ ഭാര്യയുമായ ശാലുവിനോടാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ആലപ്പുഴയിെല വാർത്തസമ്മേളനത്തിൽ മന്ത്രി സുധാകരൻ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വേണുഗോപാലിന്റെ ഭാര്യ ശാലു പരാതി നൽകിയത്. മന്ത്രി വാർത്തസമ്മേളനത്തിനിടെ സ്ത്രീത്വത്തെ അപമാനിെച്ചന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് യുവതിയുടെ മൊഴി.
പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ പേഴ്സനൽ സ്റ്റാഫിന്റെ ഭാര്യ കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. പരാതിക്ക് ആധാരമായ വാർത്തസമ്മേളനം ആലപ്പുഴയിലായതിനാൽ തങ്ങളുടെ പരിധിയിൽ വരില്ലെന്നാണ് അമ്പലപ്പുഴ പൊലീസിെൻറ നിലപാട്. ഇതോടെയാണ് ശാലു പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ഇതിന് പിന്നാലെ ജി. സുധാകരനെതിരായ പരാതിയിൽ അനുനയനീക്കവുമായി സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്തെത്തി. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം വിഷയം ചർച്ച ചെയ്യാൻ പുറക്കാട് ലോക്കൽ കമ്മിറ്റിയോഗം ചേരുകയും ചെയ്തിരുന്നു. പരാതിക്കാരിയുടെ ഭർത്താവും പങ്കെടുത്ത യോഗത്തിൽ നടത്തിയ അനുനയനീക്കം പരാജയപ്പെട്ടിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്താനാകില്ലെന്ന നിലപാടാണ് വേണുഗോപാൽ സ്വീകരിച്ചത്.
എസ്.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗമായ യുവതിയുടെ പരാതി പിൻവലിപ്പിക്കാൻ ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നേരേത്ത നടന്ന ഒത്തുതീർപ്പ് ശ്രമം പരാജയപ്പെട്ടിരുന്നു. ജില്ലയിൽ തുടരെ വിവാദം ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഏതുവിധേനയും പ്രശ്നം ഒത്തുതീർക്കണമെന്ന സംസ്ഥാന നേതൃത്വത്തിെൻറ നിർദേശം പരിഗണിച്ചാണ് വീണ്ടും ചർച്ച നടത്തിയത്. സമ്മർദത്തിലൂടെ യുവതിയെ പാർട്ടിയുടെ വഴിക്ക് കൊണ്ടു വരാനാകുമെന്നാണ് പ്രതീക്ഷ.
ആലപ്പുഴയിലെ വിഭാഗീയ നീക്കങ്ങൾ എല്ലാ പരിധിയും ലംഘിച്ചെന്നാണ് സംസ്ഥാന നേതൃത്തിന്റെ വിലയിരുത്തൽ. മന്ത്രി ജി. സുധാകരൻ ഒരുവശത്തും ആലപ്പുഴ സി.പി.എമ്മിലെ മറ്റൊരു ചേരി മറുവശത്തും ശക്തമായി നിലയുറപ്പിച്ചാണ് നീക്കങ്ങൾ. തെരഞ്ഞെടുപ്പുഫലം വന്നശേഷം വിഭാഗീയ പ്രശ്നങ്ങളിൽ വിശദമായ ചർച്ചയാകാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.