മെഡിക്കൽ ഓഫിസർ നിയമനത്തിന് കൈക്കൂലി വാങ്ങി; ആരോഗ്യ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിനെതിരെ പരാതി
text_fieldsതിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സനൽ സ്റ്റാഫായ അഖിൽ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി. മകന്റെ ഭാര്യക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിന് പണം നൽകിയെന്ന് കാണിച്ച് മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയത്.
താത്കാലിക നിയമനത്തിന് അഞ്ചുലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉള്‍പ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പുനല്‍കിയതായും പരാതിയില്‍ പറയുന്നു. തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫിസിന് സമീപത്തുവെച്ച് അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖില്‍ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നല്‍കിയെന്നാണ് പരാതിക്കാരന്റെ ആരോപണം. അതേസമയം, ആരോഗ്യവകുപ്പിനും മന്ത്രിക്കും പരാതി നല്‍കിയങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ഹരിദാസ് പറയുന്നത്.
പണം തവണകളായി നൽകാനാണ് ആവശ്യപ്പെട്ടതെന്നും ഇതിന്റെ ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവാണെന്നും പരാതിയിൽ പറയുന്നു. ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫിസറായി ഹോമിയോ വിഭാഗത്തില്‍ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയതെന്നാണ് ആരോപണം.
സി.ഐ.ടിയു മുൻ ഓഫിസ് സെക്രട്ടറിയാണ് അഖിൽ സജീവ്. എന്നാൽ അഖിൽ മാത്യു പണം വാങ്ങിയിട്ടില്ലെന്നും ഇതുസംബന്ധിച്ച പരാതി അന്വേഷിക്കാൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. മന്ത്രിയുടെ ഓഫിസ് നൽകിയ പരാതി ഡി.ജി.പിയുടെ ഓഫിസ് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.