‘പ്രവർത്തകരോട് ക്ഷോഭിച്ചു, കെ.ജെ. ഷൈനിനെതിരെ പരാതി
text_fieldsകൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.ജെ. ഷൈനിനെതിരെ സി.പി.എം നേതൃത്വത്തിന് പരാതി. മുതിർന്ന നേതാക്കള്‍ അടക്കമുള്ള പ്രവർത്തകരോട് ക്ഷോഭിച്ചു, ആഡംബര സൗകര്യങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങിയ പരാതികൾ പാർട്ടിക്കുള്ളിൽനിന്ന് ഉയർന്നതായാണ് വിവരം. 11ന് ചേരുന്ന ജില്ല കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചർച്ചയാകും.
ലത്തീന്‍ സഭാംഗം, വനിത എന്നീ മാനദണ്ഡങ്ങളാണ് ഷൈനിനെ സ്ഥാനാർഥിയായി പരിഗണിക്കാൻ കാരണമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. പറവൂർ ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ ഷൈന്‍ പാർട്ടിയിൽ ജൂനിയറാണെങ്കിലും പ്രസംഗപാടവംകൊണ്ട് പെട്ടെന്ന് ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. എന്നാല്‍, എല്‍.ഡി.എഫ് നിശ്ചയിച്ച പ്രചാരണ പരിപാടികളോട് അവർ വേണ്ടരീതിയില്‍ സഹകരിച്ചില്ലെന്നാണ് പരാതി. യു.ഡി.എഫിലെ ഹൈബി ഈഡനോട് 2,50,385 വോട്ടിനാണ് പരാജയപ്പെട്ടത്.
പലപ്പോഴും നിശ്ചയിച്ച സമയത്ത് പ്രചാരണത്തിന് എത്തിയില്ല, പ്രചാരണച്ചുമതലയുള്ള പ്രവർത്തകരോടും നേതാക്കളോടും അനാവശ്യമായി ക്ഷോഭിച്ചു, വിശ്രമവേളകളില്‍ എയർകണ്ടീഷന്‍ സൗകര്യമുള്ള മുറി വേണമെന്ന് വാശിപിടിച്ചു തുടങ്ങിയ പരാതികളാണ് ഉയരുന്നത്. പ്രചാരണത്തിന് എത്താന്‍ വൈകിയപ്പോള്‍ അന്വേഷിച്ച് വിളിച്ച ഘടകകക്ഷി പാർട്ടിയുടെ ജില്ല സെക്രട്ടറിയോട് സംസാരിക്കാന്‍പോലും തയാറായില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം, തനിക്ക് ഇത്തരം പരാതിയെക്കുറിച്ച് ഒന്നും അറിയില്ലെന്നും പാർട്ടി സംസ്ഥാന കമ്മിറ്റിയും തെരഞ്ഞെടുപ്പ് കമ്മിറ്റിയും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തൃപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നുമാണ് കെ.ജെ. ഷൈനിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.