കൊടി സുനിയുടെ ഭീഷണി; സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി
text_fieldsകൊടുവള്ളി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി കൊടി സുനി ഭീഷണിപ്പെ ടുത്തിയെന്നാരോപിച്ച് രംഗത്തെത്തിയ കൊടുവള്ളി നഗരസഭ കൗൺസിലർ കോഴിശ്ശേരി മജീദിനും കുടുംബത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഭാര്യ എ.കെ. ഷൈബിന പൊലീസിൽ പരാതി നൽകി. ശനിയാഴ്ച വൈകീട്ട് നാലിന് കൊടുവള്ളി പൊലീസ് സ്റ്റേഷനിലെത്തി സി.ഐ. ചന്ദ്രമോഹൻ മുമ്പാകെയാണ് പരാതി നൽകിയത്.
ഖത്തറിൽ പാർട്ണർ വ്യവസ്ഥയിൽ സ്വർണക്കച്ചവടം നടത്തിവരുന്ന ഭർത്താവ് മജീദ് രണ്ടുമാസമായി തിരിച്ചുപോയിട്ട്. രേഖകളില്ലാത്ത സ്വർണം വാങ്ങാത്തതിന് മേയ് 25ന് കൊടി സുനി എന്നയാൾ ഭർത്താവിനെ ഫോണിൽ വിളിച്ച് കൊന്നുകളയുമെന്നും വീട് തകർക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. അതിനാൽ താനും മക്കളും ഭീതിയോടെയാണ് കഴിയുന്നത്. എനിക്കും ഭർത്താവിനും കുടുംബത്തിനും സംരക്ഷണം നൽകണം. കൊടി സുനിക്കെതിരെ കേസെടുക്കണം. സ്വത്തും വീടും സംരക്ഷിക്കാനാവശ്യമായ നടപടിയുണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
കൊടി സുനി തന്നെ ഭീഷണിപ്പെടുത്തിയെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച വൈകീട്ട് ഖത്തറിലുള്ള മജീദ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രതിപക്ഷ നേതാവിനും ഖത്തറിൽനിന്ന് ഈ-മെയിൽ വഴി നിവേദനം നൽകി. മജീദിനും കുടുംബത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച നടന്ന നഗരസഭ യോഗത്തിൽ ഭരണപക്ഷം കൊണ്ടുവന്ന പ്രമേയം ചർച്ചക്കെടുത്തതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ തമ്മിൽ ബഹളവും ൈകയാങ്കളിയും ഉണ്ടാവുകയും എൽ.ഡി.എഫ് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.