ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച എല്‍.ഡി.എഫ് നേതാക്കള്‍ക്കെതിരെ പരാതി
text_fieldsആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച എല്‍.ഡി.എഫ് നേതാക്കള്‍ക്കെതിരെ യു.ഡി.എഫ് വനിതാ കമ്മിഷനെ സമീപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഗതാഗത മന്ത്രി ആന്റണി രാജു, മുന്‍ മന്ത്രി എം.എം മണി എം.എല്‍.എ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പിയാണ് വനിതാ കമീഷന് പരാതി നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നേതാക്കള്‍ നടത്തിയത്. സ്ത്രീയെന്ന നിലയില്‍ അതിജീവിത നേരിടുന്ന ഗൗരവമായ പ്രശ്‌നങ്ങളെ രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമായി ലഘൂകരിക്കുന്നത് അവഹേളനമാണെന്നും പരാതിയില്‍ പറയുന്നു.
ആക്രമിക്കപ്പെട്ട നടി ഹൈകോടതിയിൽ നൽകിയ ഹരജിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം നേതാക്കൾ രംഗത്തെത്തിയിരുന്നു. സി.പി.എം നേതാക്കളായ ഇ.പി ജയരാജനാണ് ആദ്യം നടിക്കെതിരെ രംഗത്തെത്തിയത്. ആക്രമിച്ച് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് സർക്കാറിനും വിചാരണകോടതിക്കുമെതിരെ നടി കഴിഞ്ഞ ദിവസം ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ പിന്തുണക്കുകയും സ്വതന്ത്ര അന്വേഷണം ഉറപ്പാക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയ ശേഷം പിൻവാങ്ങിയെന്നാണ് ഹരജിയിലെ പ്രധാന ആരോപണം.
ഹരജി ഇന്ന് കേൾക്കാനിരിക്കെയാണ് ആക്രമിക്കപ്പെട്ട നടിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം നേതാവ് ഇ.പി ജയരാജൻ രംഗത്തുവന്നിരിക്കുന്നത്. 'മീഡിയ വൺ' ചാനൽ പ്രതിനിധിയോട് സംസാരിക്കവെയാണ് ഇ.പി ജയരാജൻ അതീവ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നടിയുടെ ഹരജിക്ക് പിന്നിൽ പ്രത്യേക താൽപര്യം ഉണ്ടോ എന്ന് പരിശോധിക്കണം എന്നായിരുന്നു ഇ.പി പറഞ്ഞത്. പിന്നാലെ സി.പി.എം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി.
ഇ.പി. ജയരാജന്‍റെ പരാമർശം
'നടിയുടെ ഹരജിക്ക് പിന്നിൽ പ്രത്യേക താൽപര്യം ഉണ്ടോ എന്ന് പരിശോധിക്കണം. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തലാണ് സർക്കാറിന്റെ ലക്ഷ്യം. കേസിലെ മുഖ്യ പ്രതിയുടെ രാഷ്ട്രീയ ബന്ധവും പരിശോധിക്കണം. ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഹരജിക്ക് പിന്നിലെ അജണ്ട മാധ്യമങ്ങൾ പരിശോധിക്കണം -ഇ.പി. ജയരാജന്‍ പറഞ്ഞു.
എം.എം. മണിയുടെ പരാമർശം
'കേസ് തെളിവിന്‍റെ അടിസ്ഥാനത്തിൽ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. നടിയെ ആക്രമിച്ച കേസെന്നൊക്കെ പറയുന്നത് കുറേ നാളായി നിലനിൽക്കുന്ന ഒരു നാണംകെട്ട കേസായാണ് എനിക്ക് തോന്നിയിരിക്കുന്നത്. അദ്ദേഹം നല്ല നടനായി ഉയർന്നുവന്ന ആളാണ്. ഇതിന്‍റെ അകത്തൊക്കെ ചെന്ന് എങ്ങിനെ അദ്ദേഹം പെട്ടു എന്ന് ഒരു പിടിയുമില്ല. കേസിൽ ഗവൺമെന്‍റിന് ഒന്നും ചെയ്യാനില്ല. വിശദമായി പരിഗണിച്ചാൽ അതിൽ പറയാൻ കൊള്ളാത്ത കാര്യങ്ങൾ ഉണ്ട്. അതൊന്നും ഞാനിപ്പോ പറയാൻ ഉദ്ദേശിക്കുന്നില്ല.' -എം.എം. മണി പറഞ്ഞു.
കോടിയേരിയുടെ പരാമർശം
'കേസിൽ സർക്കാർ പൂർണമായും പാർട്ടിയും അതിജീവിതക്കൊപ്പമാണ്. നടിയുടെ ആവശ്യം പരിഗണിച്ചാണ് വനിതാ ജഡ്ജിയെ നിയമിച്ചത്. അതിജീവിതക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സർക്കാറും പാർട്ടിയും നൽകും. അത്തരത്തിലുള്ള ഒരു ആരോപണവും ഞങ്ങൾക്ക് നേരെ ഏശാൻ പോകുന്നില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് വന്നപ്പോൾ ഇതുപയോഗിച്ച് ഒരു പ്രചാരവേല ചെയ്യാം എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ വസ്തുതകൾ അറിയുന്ന ആളുകൾ ഇത് വിശ്വസിക്കാൻ പോകുന്നില്ല. നടിക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ അത് കോടതിയുടെ മുമ്പിൽ വ്യക്തമാക്കട്ടെ. അവരുടെ കൈയിലുള്ള എല്ലാ വിവരങ്ങളും കോടതിക്ക് സമർപ്പിക്കട്ടെ. കോടതി അത് പരിശോധിക്കട്ടെ. ഈ സന്ദർഭത്തിൽ അതിജീവിതയുടെ പരാതി വന്നത് ദുരൂഹമാണ്.' -കോടിയേരി പറഞ്ഞു.
കടകംപള്ളിയുടെ പരാമർശം
അതിജീവിത ഹൈകോടതിയിൽ നൽകിയ ഹരജിക്ക് പിന്നിൽ കോൺഗ്രസ് ആണ്. വ്യാജ പ്രചരണങ്ങൾ ആക്രമിക്കപ്പെട്ട നടിയെ സ്വാധീനിച്ചിരിക്കാം. രണ്ട് വോട്ടിന് വേണ്ടി അന്യായ പ്രചരണം നടത്തുന്നു. പിന്നിൽ കോൺഗ്രസ് എന്ന് സംശയമുണ്ട്. മുഖ്യപ്രതിക്ക് ഏത് രാഷ്ട്രീയ പാർട്ടിയുമായാണ് ബന്ധമെന്ന് എല്ലാവർക്കും അറിയാം -കടകംപള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.