വായ്പ ക്രമക്കേട്: സെൻകുമാറിനെതിരായ പരാതിയും ത്വരിതാന്വേഷണ ഉത്തരവും റദ്ദാക്കി
text_fieldsകൊച്ചി: കേരള ട്രാന്‍സ്പോർട്ട് ഡെവലപ്മെൻറ് ഫിനാന്‍സ് കോര്പറേഷന് (കെ.ടി.ഡി.എഫ്.സി) എം.ഡിയായിരിക്കെ വായ്പ നൽകിയതിൽ ക്രമക്കേട് കാട്ടിയെന്ന പരാതിയിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ ത്വരിതാന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. 2009-11 കാലത്തെ ക്രമക്കേട് ചൂണ്ടിക്കാട്ടി സി.പി.എം നേതാവ് സുകാര്‍ണോ നൽകിയ പരാതിയും സിംഗിൾ ബെഞ്ച് റദ്ദാക്കി. സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായശേഷം സെന്‍കുമാറിനെതിരെ ചിലശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹത്തെ കേരള അഡ്മിനിസ്േട്രറ്റിവ് ട്രൈബ്യൂണൽ അംഗമാക്കാതിരിക്കാനാണ് പരാതിയെന്നും വിലയിരുത്തിയാണ് ഉത്തരവ്.
2010ല്‍ ഗ്രാൻറ് ടെക് ബില്‍ഡേഴ്സ് ആൻഡ് ഡെവലപേഴ്സ് എന്ന കമ്പനിക്ക് 10 കോടി രൂപവീതമുള്ള രണ്ടു വായ്പകൾ നല്‍കിയെന്നും ഇതുവഴി കമ്പനിക്ക് നിയമവിരുദ്ധ നേട്ടമുണ്ടായെന്നും ആരോപിച്ചാണ് സുകാർണോയുടെ പരാതി. ഇതുസംബന്ധിച്ച് വിജിലൻസ് ഡയറക്ടർ സ്വമേധയാ എടുത്ത കേസ് ത്വരിതാന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പില്ലെന്നുകണ്ട് തീർപ്പാക്കിയതാണ്. ബാബുരാജ് എന്നയാൾ നൽകിയ പരാതിയിലും സമാന റിപ്പോർട്ടാണ് നൽകിയത്. തുടർന്നാണ് സുകാർണോയുടെ പരാതിയും ത്വരിതാന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവുമുണ്ടായത്. വ്യാജരേഖ ചമച്ച് അവധി ആനുകൂല്യങ്ങള്‍ സ്വന്തമാക്കിയെന്ന പുതിയ പരാതിയും സുകാർണോ നൽകി.
സർവിസിൽനിന്ന് വിരമിച്ചശേഷമാണ് സെൻകുമാറിനെതിരായ പരാതികളുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. 1983 ബാച്ച് ഐ.പി.എസുകാരനായ സെന്‍കുമാറിനെ 2015 മേയ് 25നാണ് ഡി.ജി.പിയായി നിയമിച്ചത്. എന്നാല്‍, ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്ന് ആറാം ദിവസം പുറത്താക്കി. സുപ്രീംകോടതിയെ സമീപിച്ചാണ് സെന്‍കുമാര്‍ പദവി തിരികെ വാങ്ങിയത്. ജൂണ്‍ 30ന് വിരമിച്ചു. വിജിലന്‍സ് അന്വേഷണ റിപ്പോർട്ട് ഫയല്‍ ചെയ്യുന്നതിന് മുമ്പുതന്നെ ഹൈകോടതി ചീഫ് ജസ്റ്റിസും മറ്റും അംഗമായ സമിതി സെന്‍കുമാറിനെ കെ.എ.ടി അംഗമാക്കാൻ ശിപാര്‍ശ ചെയ്തു. ഒക്ടോബര്‍ 24ന് ചീഫ് ജസ്റ്റിസ് തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചു. 2017 മാര്‍ച്ച് 23ന് ത്വരിത പരിശോധനാ റിപ്പോർട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പേക്ഷ, കെ.എ.ടി നിയമനപട്ടിക ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ നല്‍കിയില്ല. ഇതിനെതിരെ സതീശ് വസന്ത് നൽകിയ ഹരജിയിൽ രണ്ടാഴ്ചക്കകം ഗവര്‍ണര്‍ക്ക് പട്ടിക നല്‍കാമെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിക്കുകയും ഇതിനനുസരിച്ച് ഹരജി തീർപ്പാക്കുകയും ചെയ്തു.
എന്നാല്‍, ഇതിന് പിന്നാലെയാണ് മേയ് 22ന് ബാബുരാജ് വിജിലന്‍സ് കോടതിക്ക് പരാതി നല്‍കുന്നത്. സുകാർണോയും പരാതിയുമായെത്തിയതിനെ തുടർന്ന് ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് സെന്‍കുമാര്‍ ഹൈകോടതിയെ സമീപിച്ചത്. സെന്‍കുമാറിനെതിരായ ശക്തികളുടെ കൈയിലെ ഉപകരണം മാത്രമാണ് സുകാര്ണോയെന്ന് ഉത്തരവിൽ പറയുന്നു. സെന്‍കുമാര്‍ കെ.എ.ടി അംഗമാവരുതെന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ചതാണ് പരാതിയെന്നാണ് വ്യക്തമാകുന്നത്. കെ.എ.ടിയില്‍ അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. അഞ്ചു വര്‍ഷത്തേക്ക് നീട്ടുകയും ചെയ്യാം. പ്രായപരിധി 65 ആണ്. സെന്‍കുമാര്‍ 60ാം വയസ്സിലാണ് വിരമിച്ചത്. ഒരു വര്‍ഷം ഇപ്പോൾതന്നെ നഷ്ടമായി. കെ.എ.ടി നിയമനം തടയാൻ നൽകിയ പരാതി റദ്ദാക്കാതിരുന്നാൽ കോടതി ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതിന് തുല്യമാകും. കോടതിനടപടികളെ ദുരുപയോഗം ചെയ്യുന്ന ഈ പരാതിക്ക് തടയിട്ടില്ലെങ്കില്‍ നീതിന്യായ വ്യവസ്ഥയോടുള്ള അനീതിയുമാകുമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.