''89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആരാണ് പറഞ്ഞത്'' -വനിത കമീഷൻ അധ്യക്ഷക്കെതിരെ വ്യാപക പ്രതിഷേധം
text_fieldsപത്തനംതിട്ട: 89 കാരിയായ കിടപ്പുരോഗിയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ച് വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. പരാതി കേൾക്കാൻ മറ്റ് മാർഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിന് അധ്യക്ഷയുടെ ശകാരവർഷം. ഫോൺ സംഭാഷണത്തിെൻറ ശബ്ദരേഖ പുറത്തായി. 89 വയസ്സുള്ള വയോധികയുടെ പരാതി എന്തിനാണ് വനിത കമീഷന് നൽകുന്നതെന്നും പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിങ്ങിന് എത്തണമെന്നുമാണ് അധ്യക്ഷ പറയുന്നത്.
കോട്ടാങ്ങൽ ദേവീക്ഷേത്രത്തിനടുത്ത് താമരശ്ശേരിൽ വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മയാണ് പരാതിക്കാരി. അയൽവാസി മർദിച്ച സംഭവത്തിലാണ് പരാതി നൽകിയത്. ഇവരുടെ അകന്ന ബന്ധു കോട്ടയം കറുകച്ചാൽ സ്വദേശി ഉല്ലാസാണ് ജോസഫൈനെ ഫോണിൽ വിളിച്ചത്. എന്തിനാണ് കമീഷനിൽ പരാതി കൊടുക്കാൻ പോയതെന്നും പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടാൽ പോരേ എന്നുമാണ് ചോദിക്കുന്നത്. ''89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആരാണ് പറഞ്ഞത്. പരാതി കൊടുത്താൽ വിളിപ്പിക്കുന്നിടത്ത് എത്തണം.'' എന്ന് പറഞ്ഞ് ഉല്ലാസിനോട് കയർക്കുകയായിരുന്നു.
ജനുവരി 28ന് അടൂരിൽ നടക്കുന്ന ഹിയറിങ്ങിന് ഹാജരാവണമെന്നായിരുന്നു കമീഷനിൽ നിന്ന് ലഭിച്ച നോട്ടീസ്. 50 കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് എത്താനുള്ള ബുദ്ധിമുട്ട് അറിയിച്ചാണ് ബന്ധുവായ ഉല്ലാസ് അധ്യക്ഷയെ ഫോണിലൂടെ ബന്ധപ്പെട്ടത്. മറ്റാരും ഇല്ലാത്തതുകൊണ്ടാണ് താൻ ജോസഫൈനെ വിളിച്ച് വിവരം അന്വേഷിച്ചതെന്ന് ഉല്ലാസ് പറയുന്നു. പരാതി ലഭിച്ചാൽ ഇരുകൂട്ടരും നേരിട്ട് ഹാജരായാൽ മാത്രമെ എന്തെങ്കിലും ചെയ്യാനാകൂ. വരാനാകില്ലെങ്കിൽ പിന്നെ എന്തിനാണ് പരാതി നൽകിയതെന്ന് ചോദിച്ചത് ശരിയാണെന്നും സംഭാഷണത്തിനിടയിൽ 'തള്ള'യെന്ന വാക്ക് ഉപയോഗിച്ചിട്ടിെല്ലന്നുമാണ് ജോസഫൈൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.