അട്ടപ്പാടിയിൽ പൂഴ്ത്തിയത് 60 പരാതികൾ
text_fieldsതിരുവനന്തപുരം: ഭൂമി കൈയേറ്റത്തിനെതിരെ അട്ടപ്പാടിയിൽ ആദിവാസികൾ നൽകിയ 60ഓളം പരാതികൾ പൂഴ്ത്തി. എ.ഡി.ജി.പി ബി. സന്ധ്യ അട്ടപ്പാടി സന്ദർശിച്ചപ്പോഴും പരാതികളിൽ നടപടിയുണ്ടായില്ല. പരാതികൾ കലക്ടർക്കും സബ്കലക്ടർക്കും അയച്ചുകൊടുെത്തന്നാണ് മറുപടി. അഗളി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ മേലേകണ്ടിയൂരിൽ കാളി നൽകിയ പരാതിയിൽ 1995ലാണ് 10സെൻറ് ഭൂമിയിലെ കല്ലിടിച്ച് മാറ്റുന്നതിന് സാമുവലിന് ഭൂമി നൽകിയത്.
കശുമാവും കുരുമുളകും നട്ടുപിടിപ്പിച്ച മൂന്നേക്കർ സ്ഥലം സാമുവലും അയാളുടെ മരുമകൻ അപ്പച്ചനും ചേർന്ന് കൈവശപ്പെടുത്തി. പണ്ട് നട്ടുപിടിപ്പിച്ച മരങ്ങളെല്ലാം വെട്ടിയെടുത്തു. ഭൂമി പിന്നീട് ചിന്നസ്വാമി കൗണ്ടറുടെ കൈവശമായി. ട്രൈബൽ ഓഫിസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. അതിനാലാണ് കാളി എ.ഡി.ജി.പിക്ക് പരാതി നൽകിയത്. വടകോട്ടത്തറയിലെ എസ്. രമേശന് മുത്തച്ഛൻ നഞ്ചെൻറ വകയായ 5.73 ഏക്കർ ഭൂമിയുണ്ട്. അതിെൻറ പകുതി ഭൂമി നായ്ക്കൻപാടിയിലെ രത്നസ്വാമിയുടെ ഭാര്യ പത്മാവതിയുടെ പേരിൽ വ്യജരേഖയുണ്ടാക്കി തട്ടിയെടുത്തു. ഷോളയൂർ ഗ്രമപഞ്ചായത്തിലെ കുപ്പമ്മക്ക് എട്ടേക്കർ ഭൂമിയുണ്ട്. അതു രാജൻ ജോസഫും മാത്യുവും കൈയേറി. തലമുറകളായി ആദിവാസികൾ നികുതി അടച്ച ഭൂമിയാണ് വ്യാജരേഖയുണ്ടാക്കി ഇവർ മറിച്ചുവിറ്റതെന്ന് പരാതിയിൽ പറയുന്നു. പുതൂർ ഊരിലെ മരുതി, താേഴസമ്പാർക്കോട് ഊരിലെ മരുതൻ തുടങ്ങിയവരും സമാന പരാതിയാണ് നൽകിയത്. പട്ടണക്കല്ലിൽ ഊരുഭൂമിയാണ് കൈയേറിയത്. ഇവയെല്ലാം കാണാതായ പരാതികളിൽപെടും.
കൈയേറ്റക്കാരുടെ കത്തിക്ക് ഇരയാകുമെന്ന ഭയത്താൽ പരാതി നൽകാത്തവരും ഇവിടെയുണ്ട്. 2003ൽ ആദിവാസി നേതാവായിരുന്ന ശ്രീധരെൻറ ദുരൂഹമരണത്തെ തുടർന്ന് ഗുരുവ് എന്ന എൻ.ജി.ഒ നടത്തിയ അന്വേഷണത്തിലാണ് 150 ദുരൂഹമരണങ്ങളുടെ പട്ടിക തയാറാക്കിയത്. ഇതിലേറെയും ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടർച്ചയായിരുന്നു. പിന്നീട് ചിണ്ടക്കിയിലും ഭവാനിപുഴയോരത്തും നിരവധി കൊലപാതകങ്ങൾ നടന്നു. അതെല്ലാം കേസെടുക്കാതെ പൊലീസ് എഴുതിത്തള്ളി. കേസെടുക്കുന്നതിനെതിരെ എല്ലാ രാഷ്ട്രീയപാർട്ടികളും ഒറ്റക്കെട്ടായി നിന്നു. ചില കേസുകളിൽ ആദിവാസികളെ പ്രതികളുമാക്കി. ഭൂമി തിരിച്ചുപിടിച്ചു നൽകണമെന്ന് സുപ്രീംകോടതി വിധിയുണ്ടായിട്ടും സ്വന്തം ഭൂമിയിൽ പ്രവേശിക്കാൻ കഴിയാത്ത ആദിവാസികൾ അഗളിയിലുണ്ട്. കൈയേറ്റക്കാർ അവരെ ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.