സിദ്ദിഖിനെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യം; പൊലീസിൽ പരാതി
text_fieldsകൊച്ചി: ലൈംഗികാരോപണത്തിന് പിന്നാലെ 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച നടൻ സിദ്ദിഖിനെതിരെ പോക്സോ ചുമത്തണമെന്ന് പൊലീസിൽ പരാതി. വൈറ്റില സ്വദേശിയാണ് കൊച്ചി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവെച്ച സംവിധായകൻ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്. പരാതി പൊലീസ് പരിശോധിച്ച് വരികയാണ്.
യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. ഇതിന് പിന്നാലെയാണ് സിദ്ദിഖിന്‍റെ രാജി. അമ്മ പ്രസിഡന്‍റ് മോഹൻലാലിന് സിദ്ദിഖ് രാജിക്കത്ത് കൈമാറുകയായിരുന്നു. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയ വഴിയാണ് പരിചയം. പിന്നീട്, ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മാസ്കറ്റ് ഹോട്ടലിൽ ചർച്ചക്ക് വിളിച്ചു. അന്ന് 21 വയസ്സുള്ള തന്നോട് മോളേ... എന്ന് വിളിച്ചാണ് സമീപിച്ചത്. അവിടെ പോയപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്.
അതൊരു കെണിയായിരുന്നു. സിദ്ദിഖ് നമ്പർ വൺ ക്രിമിനലാണ്. ഇപ്പോൾ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയിൽ നോക്കിയാൽ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം. 2019ൽ തന്നെ പൊതുസമൂഹത്തിന് മുന്നിൽ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവം തുറന്നുപറഞ്ഞതിന് സിനിമ മേഖലയിൽനിന്നുതന്നെ മാറ്റിനിർത്തി. തനിക്കൊന്നും നഷ്ടപ്പെടാനില്ല, അതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ബംഗാളി നടി ശ്രീലേഖ മിത്രയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന് പിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടിവന്നത്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.