കേരള സ്റ്റോറിക്കെതിരെ പരാതി നൽകി
text_fieldsകോഴിക്കോട്: ‘ദി കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര മനുഷ്യാവകാശ കമീഷനും സെൻസർ ബോർഡിനും അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് കേരള ഘടകം പരാതി നൽകി.
മേയ് അഞ്ചിന് പുറത്തിറങ്ങുന്ന സിനിമ വ്യാജ പ്രചാരണങ്ങൾ നിറഞ്ഞതും മുസ്‍ലിം ജനവിഭാഗത്തെക്കുറിച്ച് വിദ്വേഷം ജനിപ്പിക്കുന്നതുമാണെന്ന് ടീസർ, ട്രെയിലർ, പോസ്റ്റർ എന്നിവയിൽനിന്ന് വ്യക്തമാണ്. രാജ്യാന്തര തലത്തില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നത്. ലവ് ജിഹാദ് കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാരും കേരള ആഭ്യന്തര വകുപ്പും വ്യക്തമാക്കിയിരിക്കെ കേരളത്തിൽനിന്ന് 32000 സ്ത്രീകളെ മതം മാറ്റി ഇസ്‍ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളവും വിദ്വേഷവും പ്രചരിപ്പിക്കുകയാണ്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആപത്കരമായ നിർവഹണം എതിർക്കപ്പെടണമെന്ന് സംഘടന ചൂണ്ടിക്കാട്ടി. പാർശ്വവത്കൃത വിഭാഗങ്ങൾക്ക് സൗജന്യ നിയമസഹായം നൽകാൻ 2006ൽ സ്ഥാപിതമായ സർക്കാറിതര പൗരാവകാശ സംഘടനയാണ് എ.പി.സി.ആർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.