അഗളി പൊലീസ് സ്റ്റേഷന് സമീപവും ആദിവാസി ഭൂമി കൈയേറിയതായി പരാതി
text_fieldsകോഴിക്കോട്: അഗളി ടൗണിൽ പൊലീസ് സ്റ്റേഷന് സമീപം ആദിവാസി ഭൂമി കൈയേറിയതായി പരാതി. അഗളി മേലെ ഊരിലെ മല്ലീശ്വരിയാണ് ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്. തൊഴിലുറപ്പിന്റെ മറവിലാണ് ഭൂമി കൈയേറ്റം നടത്തുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ഭൂമിയിൽ ഷെഡ് കെട്ടിയ മുഹമ്മദലിയും ഭൂമിയുടെ അവകാശിയായ മല്ലീശ്വരിയും തമ്മിൽ തർക്കം നടക്കുന്നതിന്റെ വീഡിയോയും മല്ലീശ്വരി പുറത്ത് വിട്ടു.
പരാതി പ്രകാരം മല്ലീശ്വരിയുടെ മുത്തച്ഛനായ പൊത്തയുടെ പേരിൽ അഗളി വില്ലേജിൽ സർവേ നമ്പർ 1129/2ൽ 5.60 ഏക്കർ ഭൂമിയുണ്ട്. ഈ ഭൂമിക്ക് 1975ൽ 1194-ാം നമ്പർ പ്രകാരം പട്ടയം അനുവദിച്ചിട്ടുണ്ട്. താലൂക്ക് രേഖകളിലും വില്ലേജ് രേഖകളിലും ഈ ഭൂമി പൊത്തയുടേതാണെന്നതിന് വ്യക്തമായ രേഖപ്പെടുത്തിയിരിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
മുത്തച്ഛൻ മരിക്കുന്നതുവരെയും ആർക്കും ഭൂമി കൈമാറ്റം ചെയ്തിട്ടില്ല. ഈ സർവേ നമ്പറിലുള്ള സർക്കാർ ഓഫീസുകൾക്കുള്ള ഭൂമി മുത്തച്ഛൻ നിയമാനുസൃതം കൊടുത്തിട്ടുണ്ടെന്നാണ് പരാതിക്കാരിയുടെ അറിവ്. എന്നാൽ, മുത്തച്ഛന്റെ മരണശേഷം ഭൂമിയിൽ വ്യാപക കൈയേറ്റമുണ്ടായി. അതിനെതിരെ പാക്കാട് കലക്ടർക്ക് പരാതി നൽകിയിരുന്നു. ഭൂമി അളന്നു തിരിച്ചുതരുവാൻ നടപടി സ്വീകരിക്കാൻ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ല.
എന്നാൽ, ശനിയാഴ്ച ഉച്ചക്ക് 12.30ന് തൊഴിലുറപ്പ് പണി സ്ഥലത്തായിരുന്ന മല്ലീശ്വരിക്ക് ഭൂമിയിൽ കൈയേറ്റം നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചു. സ്ഥലത്ത് എത്തിയപ്പോൾ അഗളി രാജീവ് കോളനിയിൽ താമസിക്കുന്ന മുഹമ്മദാലി എന്നയാൾ ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ഭൂമി കൈയേറി മണ്ണിട്ട് നികത്തുകയാണ്. ഭൂമിയിലേക്കുള്ള റോഡ് കരിങ്കല്ല് ഉപയോഗിച്ച് കുറുകെ കെട്ടി തടസപ്പെടുത്തുന്നതുമാണ് കണ്ടത്.
തൊഴിലുറപ്പുകാരോട് കാര്യം അന്വേഷിച്ചപ്പോൾ കൈയേറിയ ആൾ മല്ലീശ്വരിയെ അടിക്കാൻ കൈയോങ്ങുകയും അസഭ്യം പറയുകയും ചെയ്തു. ഭൂമിയുടെ രേഖ കൊണ്ടുവന്നിട്ട് പ്രവേശിച്ചാൽ മതിയെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഈ ഭൂമിയിൽ തൊഴിലുറപ്പ് ജോലി ചെയ്യുവാൻ പഞ്ചായത്ത് അനുമതി കൊടുത്തിട്ടില്ല. എന്നാൽ കൈയേറ്റക്കാരൻ ഭൂമിയിൽ ഷെഡ് കെട്ടുകയും ഭൂമിയിലേക്ക് വരുന്ന റോഡ് കരിങ്കൽ ഉപയോഗിച്ച് കെട്ടി തടസപ്പെടുത്തുകയും ചെയ്തിരിക്കുകയാണെന്നും പരാതിയിൽ ആരോപിക്കുന്നു.
കൈയേറ്റക്കാരനെതിരെ ആദിവാസി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും, ഭൂമിയിൽ അന്യായമായി കെട്ടിയ ഷെഡും, വഴിതടസപ്പെടുത്തി പണിതിട്ടുള്ള കരിങ്കൽ ഭിത്തിയും പാളിച്ചുമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും പരാതിയിൽ മല്ലീശ്വരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.