സ്പിന്നിങ് മില്ലുകൾക്ക് മെഷീൻ വാങ്ങിയതിൽ ക്രമക്കേടെന്ന് പരാതി
text_fieldsപാലക്കാട്: പൊതുമേഖല സ്പിന്നിങ് മില്ലുകൾക്ക്, കോടികൾ വിലയുള്ള നാല് വിദേശനിർമിത ഓട്ടോ കോണർ മെഷീൻ വാങ്ങിയതിൽ ക്രമക്കേടെന്ന് ആരോപണം. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനങ്ങളുടെ പരിശോധന വിഭാഗമായ 'റിയാബി'ന് ലഭിച്ച പരാതികളെ തുടർന്ന് കമ്പനി എം.ഡിമാരോട്, ഹാൻഡ്ലൂം രജിസ്ട്രാർ വിശദീകരണം തേടി.
വ്യവസായ വകുപ്പിന് കീഴിലുള്ള കുറ്റിപ്പുറം മാൽകോടെക്സ്, കണ്ണൂർ, മലപ്പുറം, തൃശൂർ സ്പിന്നിങ് മില്ലുകളിലാണ് ഉയർന്ന വിലയ്ക്ക് ഒാേട്ടാ കോണർ മെഷീൻ വാങ്ങിയത്. കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷന് (കെ.എസ്.ടി.സി) കീഴിലുള്ള മൂന്ന് മില്ലുകൾക്ക് ഇതേ കാലയളവിൽ വാങ്ങിയതിനേക്കാൾ 15 മുതൽ 21 ലക്ഷം രൂപ വരെ വില ഉയർത്തിയാണ് നാല് മില്ലുകൾ മെഷീൻ വാങ്ങിയത്.
നാല് മില്ലുകൾക്കും യന്ത്രം വിതരണം ചെയ്തത് ഒരേ സ്ഥാപനം. ഒരേ കപ്പാസിറ്റിയുള്ള മെഷീൻ, വ്യത്യസ്ത വിലയ്ക്കാണ് മില്ലുകൾ വാങ്ങിയതെന്നും പരാതിയിൽ പറയുന്നു.
വിദേശനിർമിത നൂതന യന്ത്രമാണ് ഒാേട്ടാ കോണർ. നൂൽ നിർമാണ പ്രക്രിയയിലെ അവസാന ഘട്ടമായ, പേപ്പർ കോണിൽ ചുറ്റുന്ന റോബോട്ടിക് ജോലിയാണ് മെഷീൻ നിർവഹിക്കുന്നത്. വിവിധ ബ്രാൻഡുകൾക്ക് 1.30 കോടി മുതൽ 2.10 കോടി രൂപവരെ വിലയുണ്ട്. കുറ്റിപ്പുറം, കണ്ണൂർ, മലപ്പുറം, തൃശൂർ മില്ലുകൾക്ക് മെഷീൻ വാങ്ങാൻ ഇൗ വർഷം ബജറ്റ് വിഹിതമായി 7.5 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. കോയമ്പത്തൂരിലെ ഇടനിലക്കാർ വഴിയാണ് മില്ലുകൾ ഇറ്റാലിയൻ നിർമിത മെഷീൻ വാങ്ങിയതെന്നാണ് സൂചന.
ഭരണകക്ഷിയിൽപെട്ട തൊഴിലാളി യൂനിയൻ ഭാരവാഹികൾ തെളിവ് സഹിതം പരാതി നൽകിയതോടെയാണ് ക്രമക്കേട് പുറത്തായത്. റിയാബ് സെക്രട്ടറി, സ്പിന്നിങ് മില്ലുകളുടെ രജിസ്ട്രാറായ ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽസ് ഡയക്ടറോട് വിശദീകരണം തേടി. ഹാൻഡ്ലൂം ഡയറക്ടർ, മിൽ എം.ഡിമാരിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു.
യു.ഡി.എഫ് കാലത്തെ ക്രമക്കേടിൽ നടപടിയില്ല
2014 മുതൽ വിവിധ സ്പിന്നിങ് മില്ലുകളിൽ ഒാേട്ടാ കോണർ ഉപയോഗിക്കുന്നുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് കോട്ടയം പ്രിയദർശിനി, കുറ്റിപ്പുറം മാൽകോടെക്സ് ഉൾപ്പെടെ മില്ലുകളിൽ മൂന്ന് ഓട്ടോ കോണർ മെഷീൻ വാങ്ങിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിരുന്നു.
എൽ.ഡി.എഫ് അധികാരത്തിൽ വന്നശേഷം 2017ൽ ധനകാര്യ പരിശോധന വിഭാഗം ക്രമക്കേട് അന്വേഷിച്ച് നഷ്ടം തിരിച്ചുപിടിക്കാൻ ശിപാർശ ചെയ്തെങ്കിലും റിപ്പോർട്ട് പിന്നീട് വെളിച്ചം കണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.