കടമ്മനിട്ട ലോ കോളജിൽ വിദ്യാർഥിനിയെ കൈയേറ്റം ചെയ്തതായി പരാതി
text_fieldsപത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോൻ ലോ കോളജിൽ എസ്.എഫ.ഐ നേതാവ് വിദ്യാർഥിനിയെ കൈയേറ്റം ചെയ്തു. നാലാം വർഷക്കാരനായ നേതാവ് മൂന്നാം വർഷം പഠിക്കുന്ന വിദ്യാർഥിനിയുടെ മൂക്ക് ഇടിച്ച് തകർക്കുകയും ദേഹത്ത് പിടിച്ച് അപമാനിച്ചെന്നുമാണ് പരാതി. പരിക്കേറ്റ പെൺകുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മൂന്ന് ദിവസം മുമ്പാണ് സംഭവം. എന്നാൽ പരാതി ലഭിച്ചിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കി. വിഷയം ഏറ്റെടുത്ത് വെളളിയാഴ്ച അക്രമത്തിനിരയായ പെൺകുട്ടിയുമായി യൂത്ത് കോൺഗ്രസ് ആറന്മുള പൊലീസ് സ്റ്റേഷനിൽ ഉപരോധ സമരം സംഘടിപ്പിച്ചു. മൂന്നാം വർഷ നിയമ വിദ്യാർഥിനി നിളയെ ആക്രമിച്ചതിലും, മൂന്നു ദിവസമായിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെയും കെ.എസ്.യു ജില്ല പ്രസിഡന്റ് അലൻ ജിയോ മൈക്കലിന്റെയും നേതൃത്വത്തിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. സ്റ്റേഷനകത്തേക്ക് പ്രതിഷേധക്കാർ ഇരച്ചു കയറി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം കടുത്തതോടെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് സി.ഐ ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു. ജില്ല ജനറൽ സെക്രട്ടറി ബിബിൻ ബേബി, ഷംന ഷബീർ, സിബി മൈലപ്ര, ഏദൻ, ആരോൺ ബിജിലി, ആബിനു മഴവഞ്ചേരി, ആൽഫിൻ പുത്തൻകയ്യാലക്കൽ, ജസ്റ്റിൻ ഓമല്ലൂർ, സതീഷ് ആറന്മുള, റിനോയ് ആറന്മുള, ഹരീഷ് ആറന്മുള എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥിനിയെ മർദ്ദിച്ചവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥിനിയെ സതീഷ് കൊച്ചുപറമ്പിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.