അട്ടപ്പാടിയിൽ ആദിവാസി കുടുംബത്തെ ഭൂമാഫിയ മർദിച്ചതായി പരാതി; സ്ത്രീകളെ ഉൾപ്പെടെ മർദിച്ചു -VIDEO
text_fieldsകോഴിക്കോട്: പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി കുടുംബത്തിലെ സ്ത്രീകളെ ഉൾപ്പെടെ മർദിച്ചതായി പരാതി. അഗളി പൊലീസ് സ്റ്റേഷന് പരിസരത്തുള്ള രാജീവ് കോളനി പ്രദേശത്ത് താമസിക്കുന്ന ആദിവാസികൾക്കെതിരെയാണ് ആക്രമണം നടന്നത്. തിരുവോണ ദിവസം ഉച്ചക്ക് രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായതെന്ന് മുഖ്യമന്ത്രിക്കും പാലക്കാട് കലക്ടർക്കും അയച്ച പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. ആദിവാസികളായ പാപ്പ, മുരുകൻ, ശ്രുതി തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ആദിവാസി മൂപ്പനായ പൊത്തയുടെ കുടുംബഭൂമിയിലാണ് പാപ്പ അടക്കമുള്ളവർ വീട് വെച്ച് താസമിക്കുന്നത്. പൊത്തയുടെ ഭൂമിയുടെ അവകാശികൾ ഭൂമിയിൽ മൂന്ന് വീടുകൾ നിർമിച്ചിരുന്നു. ഇവരെ കുടിയൊഴിപ്പിക്കുമെന്ന് ഭൂ മാഫിയ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
കോയമ്പത്തൂർ സ്വദേശിയായ പാർഥിവന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രണം നടത്തിയതെന്ന് ആദിവാസികൾ പറയുന്നു. രാത്രി കുടിലുകൾ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമിസംഘം മടങ്ങിയത്. ഈ അക്രമത്തിനെതിരെ കേസെടുക്കുകയും ആദിവാസികളെ സംരക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആദിവാസി മഹാസഭ പരാതി നൽകിയതെന്ന് സംസ്ഥാന പ്രസിഡന്റ് ടി.ആർ ചന്ദ്രൻ 'മാധ്യമം ഓൺലൈനോ'ട് പറഞ്ഞു.
പൊത്തയുടെ കുടുംബഭൂമിയിലെ കൈയേറ്റം സംബന്ധിച്ച് അവകാശികളായ ആദിവാസികൾ നൽകിയ പരാതിയിൽ അഗളി തഹസിൽദാർ അന്വേഷിക്കുകയോ റിപ്പോർട്ട് സമർപ്പിക്കുയോ ചെയ്തിട്ടില്ല. ലാൻഡ് റവന്യൂ കമീഷണർക്കും പാലക്കാട് കല്കടർക്കും നേരത്തെ പരാതി നൽകിയിരുന്നു. ഒറ്റപ്പാലം സബ്കലക്ടറും അഗളി ട്രൈബൽ താലൂക്ക് തഹസിൽദാരും അഗളി വില്ലേജ് ഓഫിസറും അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരാണ് പരാതികളിൽ തീർപ്പ് കൽപ്പിക്കാതെ ആദിവാസികളെ വഞ്ചിക്കുന്നതെന്ന് ടി.ആർ ചന്ദ്രൻ പറഞ്ഞു. അട്ടപ്പാടിയിലെ സർക്കാർ സർക്കാർ സംവിധാനങ്ങളെല്ലാം ഭൂമി കൈയേറുന്നവർക്കുവേണ്ടി പ്രവർത്തിക്കുകയാണെന്ന് ആദിവാസികൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.