അട്ടപ്പാടിയിൽ ആദിവാസികളുടെ 1000 ത്തോളം ഏക്കർ ഭൂമി കൈയേറിയതായി പരാതി
text_fieldsകോഴിക്കോട്: അട്ടപ്പാടിയിൽ ആദിവാസികളുടെ ആയിരത്തോളം ഏക്കർ കൊത്തുകാട് ഭൂമി കൈയേറിയതായി പരാതി. വട്ടലക്കി ഊരിന് പടിഞ്ഞാറ് ഭാഗത്തുള്ള മുറുങ്ങക്കുഴി എന്ന് പഴയ പേരുള്ള ഭൂപ്രദേശത്താണ് വ്യപകമായി ഭൂമി കൈയേറ്റം നടത്തിയതെന്നാണ് ആക്ഷേപം.
കോട്ടത്തറ വില്ലേജിൽ സർവേ നമ്പർ 606, 609, 611, 612, 613, 614, 615, 616, 617, 618, 619, 620 എന്നീ ഭാഗങ്ങളിൽ പെട്ട ഏകദേശം ആയിരം ഏക്കറിൽ അധികം വരുന്ന ഭൂമിയാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നിരപ്പാക്കി കൊണ്ടിരിക്കുന്നത്. മുരിങ്ങക്കുഴി ഭൂമി പ്രശ്നത്തിൽ 2022 ഡിസംബർ 19ന് ജില്ലാതല സമിതി (ഡി.എൽ.സി) സെക്രട്ടറി വി.എ സ്.മുരുകൻ അട്ടപ്പാടി ഐ.ടി.ഡി.പി ഓഫിസർക്ക് പരാതി നൽകി.
വട്ടലക്കി ഊരിലെ ആദിവാസികളുടെ പാരമ്പര്യാവകാശ ഭൂമിയായ ഇവിടം വനാവകാശ നിയമപ്രകാരം സാമൂഹികാവകാശത്തിൽപ്പെട്ട സംരക്ഷിത ഭൂപ്രദേശമാണ്. അഹാഡ്സ് അട്ടപ്പാടി പ്രകൃതി സംരക്ഷ പ്രവർത്തന പദ്ധതി പ്രദേശമാണിത്. ഇവിടെ മണ്ണ് സംരക്ഷണത്തിന്റെ ഭാഗമായി നീർച്ചാലുകൾ, തടയണകൾ, നീർക്കുഴകൾ എന്നിവ നിർമിച്ചിരുന്നു. പഴയകാലത്ത് കൂലിപ്പണിക്ക് എത്തിയ പലരുടെയും പേരിൽ കോട്ടത്തറ വില്ലേജിൽ രേഖകളുണ്ടാക്കി.ലവില്ലേജ് ഓഫിസർമാരുടെ ഒത്താശയോടെ ഭൂമാഫിയ പലർക്കും ഭൂമി വിൽപന നടത്തി. ഇക്കാര്യത്തിൽ അഗളി സബ് രജിസട്രാർ ഓഫിസിലെ ആധാരങ്ങൾ പരിശോധിക്കണമെന്നും പരാതിയിൽ ആദിവാസികൾ ആവശ്യപ്പെട്ടു.
വട്ടലക്കിയിലെ 13 ആദിവാസി ഊരുകളിലെ ജനങ്ങളുടെ സമൂഹിക വനാവകാശ ഭൂമിയന്മേലാണ് കൈയേറ്റം നടക്കുന്നതെന്നാണ് ആദിവാസികളുടെ പരാതി. നാടും പേരും വിലാസവും അറിയാത്ത സ്വകാര്യ വ്യക്തികൾ നിരവധി മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് രാത്രിയും പകലുമായി കുന്നുകൾ ഇടിച്ചു നിരപ്പാക്കുകയും തകർക്കുകയും ചെയ്യുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ഈ പരിസ്ഥിതി ലോല പ്രദേശം ആദിവാസികളുടെ പൂർവികർ കൊത്തുകാട് കൃഷി ചെയ്ത ഭൂമിയാണ്. ആദിവാസികൾ ആടുമാടുകളുടെ മേച്ചിൽ പുറങ്ങളായാണ് ഇത് ഉപയോഗിക്കുന്നത്. വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായ ഇവിടെ ആനകളും മറ്റും കുടിവെള്ളത്തിന് ആശ്രയിക്കുന്ന നീരുറവകളും കുളങ്ങളുമുണ്ട്. ആന അടക്കമുള്ള വന്യമൃഗങ്ങളുടെ പാരമ്പര്യ വഴിത്താരകൾ തടസപ്പെടുത്തിയാണ് കുന്നിടിക്കുന്നത്.
ഭൂമി കൈയേറ്റം സംബന്ധിച്ച് 2022 ഏപ്രിൽ ഏഴിന് പാലക്കാട് കലക്ടർക്ക് നേരിട്ട് പരാതി നൽകിയെങ്കിലും അന്വേഷണം നടന്നതായി അറിയില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് ആദിവാസികൾ ആവശ്യപ്പെട്ടത്. മണ്ണ് മാന്ത്രി യന്ത്രം ഉപയോഗിച്ച് മല നിരപ്പാക്കുന്നവർക്ക് ഉന്നത ബന്ധമുള്ളവരാണെന്നും അതിനാൽ നടപടി എടുക്കാൻ കഴിയില്ലെന്നുമാണ് ചില ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് പരാതി നൽകാനെത്തിയ ആദിവാസികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.