മന്ത്രിയുടെ വാഹനത്തിന് വഴി കൊടുത്തില്ല; ലോറി ഡ്രൈവറെ പൊലീസ് മർദിച്ചതായി പരാതി
text_fieldsകോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് പൊലീസ് ലോറി ഡ്രൈവറെ മർദിച്ചതായി പരാതി. ചേളാരി സ്വദേശി മുഹമ്മദ് സാദിഫ് ബീച്ച് ആശുപത്രിയിൽ ചികിത്സതേടി.
ചോമ്പാലയിൽനിന്ന് പരപ്പനങ്ങാടിയിലേക്ക് പോയ മീൻവണ്ടിയുടെ ഡ്രൈവർക്കാണ് പരിക്ക്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മന്ത്രിയുടെ വാഹനം തിരിച്ചുവരുമ്പോൾ സ്ത്രീകളടക്കം നാട്ടുകാരിൽ ചിലർ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു.
സംഭവത്തിൽ മന്ത്രിയുടെ വാഹനത്തെ അപകടപ്പെടുത്തുംവിധം വാഹനം ഓടിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ അസഭ്യംപറയുകയും ചെയ്തതിന് മുഹമ്മദ് സാദിഫിനെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ കോഴിക്കോട് സൗത്ത് ബീച്ചിനടുത്തായിരുന്നു സംഭവം. ഏറെനേരം മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ബോധപൂർവം തടസ്സം സൃഷ്ടിച്ച സാദിഫിനെ പൈലറ്റ് വാഹനത്തിലെ ഉദ്യോഗസ്ഥർ താക്കീത് നൽകിയെങ്കിലും ഉദ്യോഗസ്ഥരോട് അസഭ്യംപറഞ്ഞ് വീണ്ടും മന്ത്രിയുടെ വാഹനത്തെ അപകടപ്പെടുത്തും വിധം പ്രകോപനപരമായി വാഹനം ഓടിക്കുകയായിരുന്നുവെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.