പരീക്ഷമാറ്റ നീക്കം അധ്യാപകരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കാൻ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റണമെന്ന ആവശ്യത്തിന് പിന്നിൽ അധ്യാപകരെ ഇറക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തടസ്സം നീക്കാനാണെന്ന് ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യാവസ്ഥയിലെത്തുന്ന സമയത്ത് അധ്യാപകരെല്ലാം പരീക്ഷാ ഡ്യൂട്ടിയിലാകുമെന്നത് പ്രാദേശികതലത്തിൽ പ്രചാരണത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പരീക്ഷമാറ്റം എന്ന ആവശ്യം ഉയർന്നുവന്നതെന്നാണ് ആക്ഷേപം.
മാർച്ച് 17 മുതൽ 30 വരെയാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എന്നാൽ തെരഞ്ഞെടുപ്പ് പരിശീലനവും പരീക്ഷ ഡ്യൂട്ടിയും ഒന്നിച്ച് വരുന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സി.പി.എം അനുകൂല കെ.എസ്.ടി.എ പരീക്ഷമാറ്റം എന്ന ആവശ്യത്തിൽ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർക്കും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും കത്ത് നൽകിയത്. സർക്കാർ സ്കൂൾ അധ്യാപകർക്ക് രാഷ്ട്രീയപ്രവർത്തനത്തിന് നേരേത്തതന്നെ വിലക്കുള്ളതിനാൽ ഇവർ പ്രത്യക്ഷ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടാറില്ല.
എയ്ഡഡ് സ്കൂൾ അധ്യാപകരായ പാർട്ടി പ്രവർത്തകരാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് താേഴത്തലത്തിൽ പലയിടങ്ങളിലും ചുക്കാൻ പിടിക്കുന്നത്.
എയ്ഡഡ് സ്കൂൾ അധ്യാപകർക്കും രാഷ്ട്രീയപ്രവർത്തനം ഏതാനും ദിവസം മുമ്പ് ഹൈകോടതി വിലക്കിയിട്ടുണ്ട്. എയ്ഡഡ് അധ്യാപകർക്ക് പ്രത്യക്ഷ പ്രചാരണപ്രവർത്തനങ്ങൾക്ക് ഇത് വിഘാതമാകുമെങ്കിലും അണിയറ പ്രവർത്തനങ്ങൾക്ക് ഇവരുടെ സേവനം പാർട്ടികൾക്ക് അനിവാര്യമാണ്. പരീക്ഷ ഡ്യൂട്ടിയും തെരഞ്ഞെടുപ്പ് പരിശീലനവും ഒന്നിച്ച് വരുന്നതോടെ ഒരു ദിവസം പോലും അധ്യാപകരെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാതെവരും.
മാതൃകാപരീക്ഷ അടുത്ത തിങ്കളാഴ്ച പൂർത്തിയാക്കി പൊതുപരീക്ഷ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പരീക്ഷാമാറ്റം ചർച്ചയാകുന്നത്. ഇൗ ചർച്ചകൾ വിദ്യാർഥികളിലും രക്ഷാകർത്താക്കളിലും ഒരുപോലെ ആശങ്ക പരത്തിയിട്ടുണ്ട്. പരീക്ഷ 17ന് തന്നെ തുടങ്ങാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും തീയതി മാറ്റുന്നത് പരിഗണനയിൽ ഇല്ലെന്നും വിദ്യാഭ്യാസവകുപ്പ് വിശദീകരിക്കുന്നു.
പരീക്ഷ മാറ്റുന്നത് പൊതുജനങ്ങൾക്കിടയിൽ മോശം സന്ദേശം നൽകുമെന്നും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തീരുമാനം സൂക്ഷിച്ചുമതിയെന്നുമാണ് സർക്കാർതലത്തിലെ ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.