ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടിയെടുത്തതായി പരാതി
text_fieldsകൊടുവള്ളി: ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടിയെടുത്തതായി പരാതി. മാനിപുരം അക്കരപറമ്പിൽ എ.പി. അബൂബക്കർ സിദ്ദീഖിന്റെ ആക്സിസ് ബാങ്ക് താമരശ്ശേരി ശാഖയിലെ അക്കൗണ്ടിൽനിന്ന് 69,005 രൂപയാണ് തട്ടിയെടുത്തത്.
ആഗസ്റ്റ് ഏഴ് മുതൽ 11വരെയുള്ള തീയതികളിൽ വിവിധ ഘട്ടങ്ങളിലായാണ് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചത്. 6372415422 എന്ന നമ്പറിൽനിന്ന് അബൂബക്കർ സിദ്ദീഖിന്റെ നമ്പറിലേക്ക് ഫോൺ വരുകയും എച്ച്.ഡി.എഫ്.സിയുടെ ക്രെഡിറ്റ് കാർഡ് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബാങ്കിന്റെ വിവരം ശേഖരിക്കുകയുമായിരുന്നു.
പിന്നീട് അക്കൗണ്ടിൽനിന്ന് പണം തുടർച്ചയായി പിൻവലിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അന്നുതന്നെ ബാങ്ക് അധികൃതരെ ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ടകാര്യം അറിയിക്കുകയും അക്കൗണ്ട് തടഞ്ഞുവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, അതിനുശേഷവും ഹാക്കർമാർ പണമിടപാട് നടത്തിയതായാണ് കാണുന്നത്. ഇതുസംബന്ധിച്ച് 12ന് വീണ്ടും ബാങ്ക് അധികൃതർക്ക് നടപടി ആവശ്യപ്പെട്ട് രേഖാമൂലം പരാതി നൽകിയെങ്കിലും പരാതി സ്വീകരിക്കാനോ തുടർനടപടികൾ കൈക്കൊള്ളാനോ അധികൃതർ തയാറായില്ലെന്നാണ് അബൂബക്കർ സിദ്ദീഖ് പറയുന്നത്.
ബാങ്ക് അക്കൗണ്ടുകൾ സൂക്ഷിക്കേണ്ട ബാധ്യത ബാങ്കുകൾക്കാണെന്നിരിക്കെ തന്റെ പരാതിയിൽ നടപടി സ്വീകരിക്കാത്ത ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് അബൂബക്കർ സിദ്ദീഖ്. പണം നഷ്ടമായത് സംബന്ധിച്ച് കൊടുവള്ളി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.