കെ.എൻ.എം നൽകിയ ലിസ്റ്റ് ലീഗ് നേതൃത്വം അവഗണിച്ചെന്ന് പരാതി
text_fieldsകോഴിക്കോട്: നിയമസഭ സ്ഥാനാർഥിത്വത്തിന് കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) മുസ്ലിം ലീഗ് നേതൃത്വത്തിന് നൽകിയ പട്ടികയിൽനിന്ന് ആരെയും പരിഗണിച്ചില്ലെന്ന് ആക്ഷേപം. ലീഗ് ജന. സെക്രട്ടറി കെ.പി.എ മജീദിനെയും പാർട്ടി നേതൃത്വത്തെയും പരിഹസിക്കുന്ന പ്രസ്താവനയുമായി കെ.എൻ.എം സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി രംഗത്തെത്തി. 'തിരൂരങ്ങാടിയിൽനിന്ന് മഞ്ചേരിയിലേക്ക് അധിക ദൂരമില്ല' എന്ന തലക്കെട്ടിൽ ഇട്ട ഫേസ്ബുക്ക് കുറിപ്പിലാണ് പരിഹാസം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗ് നേതൃത്വം മുസ്ലിം സംഘടന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മലപ്പുറം ലീഗ് ഹൗസിൽ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി.എ. വഹാബ്്, കെ.പി.എ. മജീദ് എന്നിവരും കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡൻറ് എൻ.വി. അബ്ദുറഹിമാൻ, സെക്രട്ടറി അബ്ദുൽമജീദ് സ്വലാഹി എന്നിവരും തമ്മിലായിരുന്നു കൂടിക്കാഴ്ച. ലീഗ് നയപരിപാടികളിൽ വരുത്തേണ്ട പരിഷ്കരണങ്ങൾ, സ്ഥാനാർഥിനിർണയം സംബന്ധിച്ച അഭിപ്രായം, വെൽെഫയർ പാർട്ടിയോട് അനുവർത്തിക്കേണ്ട നിലപാട് തുടങ്ങിയവയായിരുന്നു ചർച്ച വിഷയം. ചർച്ചക്കൊടുവിൽ കെ.എൻ.എം നേതാക്കൾ പരിഗണിക്കേണ്ടവരുടെ ലിസ്റ്റും കൈമാറി. പി.എം.എ. സലാം, കെ.പി. മറിയുമ്മ, വി.പി. അബ്ദുൽ ഹമീദ് തുടങ്ങിയവരായിരുന്നു ലിസ്റ്റിൽ. എന്നാൽ, ഇവരിൽ ഒരാളെയും പരിഗണിക്കാത്തതിെല പ്രതിഷേധമാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
'തിരൂരങ്ങാടി ലീഗിന് നഷ്ടപ്പെടുമോ എന്ന് ഭയപ്പെടണമെന്നും ഉന്നതരായ സമുദായനേതാക്കളെ പറഞ്ഞ് പറ്റിച്ച് പരിഹസിക്കുന്ന നേതാക്കളെ ജനം തിരുത്തുകതന്നെ ചെയ്യുമെന്നും കുറിപ്പിലുണ്ട്. പോസ്റ്റിനെതിെര കടുത്ത പ്രതികരണവും സമൂഹമാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.