പാലിയേക്കരയിൽ ടോൾ ജീവനക്കാർ കാർ യാത്രക്കാരന്‍റെ തലക്കടിച്ചെന്ന് പരാതി
text_fieldsആമ്പല്ലൂർ: പാലിയേക്കര ടോള്‍പ്ലാസയിൽ കുടുംബവുമായി സഞ്ചരിച്ച കാർ യാത്രക്കാരനെ ടോൾ ജീവനക്കാർ സംഘം ചേർന്ന് മർദിച്ചു. വോക്കിടോക്കി കൊണ്ട് തലക്കടിയേറ്റ് പരിക്കേറ്റ കാർ യാത്രക്കാരൻ ചുവന്നമണ്ണ് സ്വദേശി കാലായിൽ വീട്ടിൽ ഷിജു തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം.
ഫാസ് ടാഗ് ഇല്ലാതിരുന്ന ഷിജുവിന്റെ കാർ മറ്റൊരു വാഹനത്തിന്റെ പിറകിലൂടെ ടോൾ ബൂത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർ ഡ്രമ്മുകൾ നിരത്തി തടഞ്ഞു. തുടർന്നുണ്ടായ തർക്കത്തിൽ ടോളിലെ ആറ് ജീവനക്കാർ ചേർന്ന് മർദിക്കുകയായിരുന്നെന്ന് ഷിജു പരാതിയിൽ പറയുന്നു.
അമ്മയും ഭാര്യയും കാറിലുണ്ടായിരുന്ന സമയത്തായിരുന്നു ജീവനക്കാരുടെ ആക്രമണം. എറണാകുളത്തെ ആശുപത്രിയിലേക്ക് പോകുന്ന കുടുംബത്തെയാണ് തടഞ്ഞുനിർത്തി ടോൾ ജീവനക്കാർ ആക്രമിച്ചത്. ഷിജു പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം പുതുക്കാട് സ്റ്റേഷനിലെത്തി പരാതി നൽകി.
തുടർന്നാണ് തൃശൂരിലെ ആശുപത്രിയിലേക്ക് പോയത്. അതേ സമയം, ടോൾ നൽകാതെ കടന്നുപോകാൻ ശ്രമിച്ച കാർ തടയാൻ ശ്രമിക്കുന്നതിനിടെ കാർ യാത്രക്കാരൻ ജീവനക്കാരെ മർദിക്കുകയായിരുന്നെന്നും മർദനത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ടോൾ അധികൃതർ പറയുന്നു. പുതുക്കാട് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.