വികലാംഗയുടെ കിടപ്പാടം പണയപ്പെടുത്തി 34 ലക്ഷം തട്ടിയതായി പരാതി
text_fieldsപത്തനംതിട്ട: വികലാംഗയായ വിധവയെയും മനോദൗർബല്യമുള്ള മാതാവിനെയും കബളിപ്പിച്ച് കിടപ്പാടം പണയപ്പെടുത്തി 34 ലക്ഷം രൂപ തട്ടിയതായി പരാതി. അടൂര്‍ കരുവാറ്റ പൂങ്ങോട്ട് മാധവത്തില്‍ എസ്. വിജയശ്രീയാണ് പരാതിക്കാരി. 2012ല്‍ വിജയശ്രീ അടൂര്‍ ഗവ.ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് സംഭവം. ആശുപത്രി ചെലവിനും തുടര്‍ചികിത്സക്കും പണമില്ലാതിരുന്ന സാഹചര്യത്തിലാണ് പ്രതികളിലൊരാൾ സമീപിക്കുന്നത്.
വസ്തുവിന്റെ ആധാരം നൽകിയാല്‍ പണയപ്പെടുത്തി ചികിത്സക്ക് ആവശ്യമായ 1.5 ലക്ഷം രൂപ സഹകരണബാങ്കില്‍നിന്ന് എടുത്ത് നല്‍കാമെന്ന് അയല്‍വാസിയായ ഇയാൾ വാഗ്ദാനം ചെയ്തുവെന്നാണ് വിജയശ്രീ പറയുന്നത്. ഇയാളുടെ സുഹൃത്ത് കടമ്പനാട് മണ്ണടി സ്വദേശി, ഇയാളുടെ സഹോദരിയായ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥ, മാതാവ്, ചിറ്റ എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് വിജയശ്രീ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
തുടര്‍ന്ന് കേരള കാരുണ്യ ഭിന്നശേഷി അസോസിയേഷൻ സഹായത്തോടെ അടൂര്‍ ഡിവൈ.എസ്.പിക്കും അടൂര്‍ കോടതിയിലും പരാതി നല്‍കി. കോടതി 2016ല്‍ വിജയശ്രീക്ക് ഉണ്ടായ നഷ്ടം പരിഹരിക്കണമെന്നും ആധാരം നാലുമാസത്തിനുള്ളില്‍ തിരികെ എടുത്ത് നല്‍കണമെന്നും നിർദേശിച്ചെങ്കിലും പ്രതികള്‍ ഇതിന് തയാറായില്ല.
വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിജയശ്രീ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തില്‍ കേരള കാരുണ്യഭിന്നശേഷി അസോസിയേഷന്‍ പ്രസിഡന്റ് ജോയി, ടി.ആര്‍. വിഷ്ണു, സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.