അട്ടപ്പാടിയിൽ പട്ടികജാതിക്കാരുടെ ഭൂമി കൈയേറിയതായി ഡി.വൈ.എസ്.പിക്ക് പരാതി
text_fieldsകോഴിക്കോട് : അട്ടപ്പാടിയിൽ പട്ടികജാതിക്കാരുടെ ഭൂമി കൈയേറിയതായി പരാതി. അഗളി ഡി.വൈ.എസ്.പിക്കാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഈശ്വരി , അയ്യമ്മ, വേലത്താൾ എന്നിവർ പരാതി നൽകിയത്. പരാതിക്കാരുടെ അച്ഛൻ പഴനി സ്വാമിക്ക് പട്ടയം ലഭിച്ച ഭൂമിയാണ് വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുക്കാൻ ചിലരെത്തിയതെന്ന് പരാതിയിൽ പറയുന്നു.
അഗളി വില്ലേജിലെ സർവ്വേ നമ്പർ 1121ൽ ഉൾപെട്ട അഗളി രാജീവ് കോളനി പരിസരത്തുള്ള ഭൂമിയിലെ മരങ്ങൾ വെട്ടി നിരത്തുകയും ചെയ്തിട്ടുണ്ട്. ഈ മാസം 24 ന് രാവിലെ ഒമ്പതോടെ അഗളി പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാരും കുറച്ചാളുകളും വന്ന് ഭൂമിയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു.
അടുത്തദിവസം മുതൽ ഭൂമിയിൽ കാടുവെട്ടുമെന്ന് പറഞ്ഞിട്ട് അവർ മടങ്ങി. ശനിയാഴ്ച രാവിലെ കുറെ ആളുകൾ വന്ന് വീട്ടിൽ നിന്ന് ഇറങ്ങിയില്ലേടി എന്ന് പറഞ്ഞ് പെൺകുട്ടികളോട് വളരെ മോശമായി സംസാരിച്ചു. വീട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. മരങ്ങൾ മുറിച്ച് തള്ളി. തകരപ്പാടിയിൽ താമസിക്കുന്ന മുഹമ്മദ് ജാക്കിറിന്റെ നേതൃത്വത്തിലാണ് ഭൂമി കൈയേറ്റം നടന്നത്. പട്ടിക ജാതിക്കാരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.