പീഡനപരാതി നൽകിയ യുവതിയെ എം.സി. ജോസഫൈൻ പൊതുസ്ഥലത്തുവെച്ച് അപമാനിച്ചെന്ന്
text_fieldsകോഴിക്കോട്: വിവാദത്തെ തുടർന്ന് രാജിവെച്ച വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരെ പരാതിയുമായി മറ്റൊരു യുവതി. ജോസഫൈൻ പൊതുസ്ഥലത്തുവെച്ച് അപമാനിച്ചെന്നാണ് വയനാട് സ്വദേശിനി ഷൈനിയുടെ പരാതി. പരാതി പറയാൻ പോയ തന്നോട് ജോസഫൈൻ മോശമായി പെരുമാറിയെന്നാണ് ആരോപണം.
2018ൽ ഭർത്താവും സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് മർദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും സ്വത്ത് തട്ടിയെടുത്തുവെന്നും ചൂണ്ടിക്കാട്ടി വനിതാ കമീഷന് ഷൈനി പരാതി നൽകിയിരുന്നു. അദാലത്ത് വേളയിൽ പരാതിക്കാരിയെ കേൾക്കുന്നതിന് പകരം സി.പി.എം പ്രവർത്തകനും സർക്കാർ ജീവനക്കാരനുമായ ഭർത്താവിന്‍റെ പരാതിയാണ് വനിതാ കമീഷൻ ആദ്യം കേട്ടത്.
പരാതിക്കാരി താനാണെന്നും എന്നോട് ആദ്യം വിവരങ്ങൾ ആരായണമെന്നും ജോസഫൈനോട് ആവശ്യപ്പെട്ടപ്പോൾ മേശയിൽ ശക്തിയായി ഇടിച്ച അധ്യക്ഷ മിണ്ടാതിരിക്കൂവെന്ന് പറഞ്ഞ് തട്ടിക്കയറിയെന്നും യുവതി പറയുന്നു. ആളുകളുടെ മുമ്പിൽവെച്ച് അധ്യക്ഷ അപമാനിക്കുകയാണ് ചെയ്തതെന്ന് ഷൈനി പറഞ്ഞു.
ഈ സംഭവത്തിന്‍റെ ആഘാതത്തിൽ നിന്ന് താൻ ഇതുവരെ മോചിതയായിട്ടില്ല. വനിതാ കമീഷൻ കാരണം വലിയ മാനസിക പീഡനമാണ് താൻ അനുഭവിച്ചത്. കുടുംബ ജീവിതം തകർന്നു. ഇപ്പോഴും നീതി കിട്ടാതെയാണ് താൻ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതെന്നും ഷൈനി മീഡിയവണിനോട് പറഞ്ഞു.
ചാനൽ അഭിമുഖത്തിൽവെച്ച് പരാതിക്കാരിയോട് മോശമായി പ്രതികരിച്ച സംഭവം വിവാദമായതോടെയാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എം.സി. ജോസഫൈൻ വനിത കമീഷൻ അധ്യക്ഷപദവി രാജിവെച്ചത്. ചാനൽ പരിപാടിയിലേക്ക് വിളിച്ച യുവതി, പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് അറിയിച്ചപ്പോൾ 'എന്നാ പിന്നെ അനുഭവിച്ചോ' എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് ജോസഫൈനെ കുടുക്കിയത്.
സ്ത്രീകൾ ഇരകളാക്കപ്പെടുന്ന സംഭവങ്ങൾ കത്തിനിൽക്കെയായിരുന്നു വനിത കമീഷൻ അധ്യക്ഷയുടെ അനുചിത മറുപടി എന്നതും വിഷയത്തെ ആളിക്കത്തിച്ചു. നേരേത്തയും ജോസഫൈന്റെ ധിക്കാരം നിറഞ്ഞ പെരുമാറ്റത്തിൽ സി.പി.എം നേതൃത്വത്തിന് പരാതികൾ ലഭിച്ചിരുന്നു.
സ്ത്രീധന പീഡന ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ സി.പി.എമ്മും ബഹുജന സംഘടനകളും ശക്തമായ പ്രചാരണ പരിപാടി ആസൂത്രണം ചെയ്യാനിരിക്കെ വനിത കമീഷൻ അധ്യക്ഷയിൽ നിന്നുണ്ടായ പെരുമാറ്റം വലിയ തിരിച്ചടിയായി. കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ അധ്യക്ഷക്കും സി.പി.എമ്മിനും എതിരെ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.