മെഡിസെപ്പിൽ പരാതി കൂടുന്നു; നടപടിക്ക് മാർഗരേഖയായി
text_fieldsതിരുവനന്തപുരം: അധിക തുക ഈടാക്കലും ചെക്ക് വാങ്ങലുമടക്കം സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ പരാതികൾ വർധിച്ചതോടെ എം-പാനൽ ചെയ്ത ആശുപത്രികളെ സസ്പെൻഡ് ചെയ്യുന്നതിന് നടപടിക്രമങ്ങൾ നിശ്ചയിച്ച് സർക്കാർ. പരാതി ഉയരുന്ന ആശുപത്രികളെ നിരീക്ഷണപട്ടികയിൽ ഉൾപ്പെടുത്തലും കാരണം കാണിക്കൽ നോട്ടീസ് നൽകലുമടക്കം സമഗ്ര നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാറിന്റെ അറിവില്ലാതെ ഇൻഷുറൻസ് കമ്പനി തന്നെ ഏതാനും ആശുപത്രികളെ മെഡിസെപ്പിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതറിയാതെ ചികിത്സ തേടിയ ഉപഭോക്താക്കൾ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് അച്ചടക്ക നടപടികൾക്കുള്ള നടപടിക്രമം നിശ്ചയിച്ച് ഉത്തരവിറക്കിയത്.
എം-പാനൽ ചെയ്ത ആശുപത്രിക്കെതിരെ പരാതി ഉയർന്നാൽ ആദ്യം പത്ത് ദിവസത്തേക്ക് നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് നിർദേശം. ഇക്കാലയളവിൽ മെഡിസെപ്പുമായി ബന്ധപ്പെട്ട ആശുപത്രിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കും.
‘വാച്ച് ലിസ്റ്റി’ൽ ഉൾപ്പെടുത്തിയ കാര്യം ഇൻഷുറൻസ് കമ്പനി ആശുപത്രിയെ അറിയിക്കണം. നിരീക്ഷണ കാലയളവിൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടാൽ നോട്ടീസ് നൽകാം. ഏഴ് ദിവസത്തിനകം മറുപടി നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ 10 ദിവസത്തേക്ക് ആശുപത്രിയെ സസ്പെൻഡ് ചെയ്യാം. ഒപ്പം അന്വേഷണം തുടരും. ഇക്കാലയളവിൽ മെഡിസെപ് സ്കീം പ്രകാരം പുതിയ അഡ്മിഷൻ പാടില്ല. അതേസമയം അത്യാഹിതങ്ങൾ, അപകടങ്ങൾ, തുടർചികിത്സ, കീമോ തെറപ്പി, ഡയാലിസിസ് എന്നിവയെ ബാധിക്കില്ല.
പരിശോധനയിൽ ആക്ഷേപങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ രണ്ടാമതൊരു കാരണം കാണിക്കൽ നോട്ടീസ് കൂടി നൽകിയശേഷം എംപാനൽ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടിയിലേക്ക് കടക്കും. ആക്ഷേപങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ സസ്പെൻഷൻ നീക്കം ചെയ്യും.
അതേസമയം പദ്ധതിയിൽ വിവിധ ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും തയാറാക്കിയ പാക്കേജുകൾ സംബന്ധിച്ചും ബിൽ തുക കൃത്യമായി ലഭിക്കാത്തതിനെക്കുറിച്ചും ആശുപത്രികൾ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.
മെഡിസെപ് വഴിയുള്ള ക്ലെയിം തുക കുതിച്ചുയർന്ന സാഹചര്യത്തിൽ പ്രതിമാസ പ്രീമിയം വർധിപ്പിക്കണമെന്ന ഇൻഷുറൻസ് കമ്പനിയുടെ ആവശ്യം ധനവകുപ്പ് തള്ളിയിരുന്നു.
ഇൻഷുറൻസ് കമ്പനിയുമായി മൂന്ന് വർഷത്തെ കരാറുള്ളതിനാൽ ഇടക്കാല പ്രീമിയം വർധനക്ക് സർക്കാറിന് നിയമപരമായി ബാധ്യതയില്ലെന്നതാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.