ക്രമക്കേടും മെറിറ്റ് അട്ടിമറിയുമെന്ന പരാതി; പ്ലസ് വൺ കമ്യൂണിറ്റി ക്വോട്ട സർക്കാറിന്
text_fieldsതിരുവനന്തപുരം: എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ കാൽ ലക്ഷം പ്ലസ് വൺ കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുന്നു.
നിലവിൽ സ്കൂൾ തലത്തിൽ നടക്കുന്ന കമ്യൂണിറ്റി ക്വോട്ട സീറ്റ് പ്രവേശന നടപടികളിൽ ക്രമക്കേടും മെറിറ്റ് അട്ടിമറിയും നടക്കുന്നെന്ന പരാതി വ്യാപകമാണ്. സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റുകളിലേക്കും എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് സീറ്റുകളിലേക്കും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏകജാലക പ്രവേശനത്തിനൊപ്പം കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റും നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് ശിപാർശ സമർപ്പിച്ചു.
കമ്യൂണിറ്റി ക്വോട്ട സീറ്റിലേക്കുള്ള അലോട്ട്മെന്റ് ഏകജാലക പ്രവേശനത്തിനൊപ്പം വിദ്യാഭ്യാസ വകുപ്പ് നടത്തണമെന്ന് നേരത്തെ സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശ.
സയൻസിൽ 12,984ഉം കോമേഴ്സിൽ 7045ഉം ഹ്യുമാനിറ്റീസിൽ 4427ഉം ഉൾപ്പെടെ 24,456 സീറ്റുകളാണ് കമ്യൂണിറ്റി ക്വോട്ടയിലുള്ളത്. ഓരോ വർഷവും എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ സീറ്റിൽ വരുത്തുന്ന 20-30 ശതമാനം വർധനക്ക് ആനുപാതികമായി കമ്യൂണിറ്റി ക്വോട്ട സീറ്റിലും വർധനയുണ്ടാകും. ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾക്കും സാമുദായിക സംഘടനകളുടെയും നിയന്ത്രണത്തിലുള്ള എയ്ഡഡ് സ്കൂളുകളിലാണ് ആകെ സീറ്റിന്റെ 20 ശതമാനം ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാനായി കമ്യൂണിറ്റി ക്വോട്ടയായി അനുവദിക്കുന്നത്.
ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നൽകുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് സ്കൂൾതലത്തിൽ പ്രത്യേകം അപേക്ഷ ക്ഷണിച്ച് റാങ്ക് പട്ടിക തയാറാക്കിയാണ് കമ്യൂണിറ്റി ക്വോട്ട പ്രവേശനം നടത്തേണ്ടത്. എന്നാൽ, മെറിറ്റ് അട്ടിമറിച്ചാണ് പല സ്കൂളുകളിലും പ്രവേശനമെന്നാണ് പരാതി.
മെറിറ്റ് അട്ടിമറി പലവിധം
എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് വിദ്യാർഥികൾക്ക് അപേക്ഷ ഫോറം നൽകാതെയാണ് പ്രവേശന രീതി അട്ടിമറിക്കുന്നത്. മാനേജ്മെന്റിന് താൽപര്യമുള്ളവർക്ക് മാത്രം അപേക്ഷാ ഫോറം നൽകും. ഇവരുടെ അപേക്ഷ ഉപയോഗിച്ച് റാങ്ക് പട്ടിക തയാറാക്കി പ്രവേശനം നടത്തും. അപേക്ഷ വാങ്ങിയാൽ തന്നെ പലരുടേതും രജിസ്റ്റർ ചെയ്യാതെ റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കാറുമുണ്ട്. മെറിറ്റ് അടിസ്ഥാനത്തിൽ മാത്രം പ്രവേശനം നൽകേണ്ട കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ മറച്ചുവെച്ച് മാനേജ്മെന്റ് ക്വോട്ടയാക്കി തലവരിപ്പണം വാങ്ങുന്ന രീതിയും ചില സ്കൂളുകളിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.