പരാതിയുമായി വരുന്നവരോട് മാന്യമായി പെരുമാറണം: സർക്കുലർ ഇറക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതൃശൂർ: : പരാതിയുമായി വരുന്ന കക്ഷികളോട് മാന്യമായി പെരുമാറണമെന്നും പരാതി സ്വീകരിച്ച് രസീത് നൽകണമെന്നും ജില്ലയിലെ എല്ലാ പൊലീസുദ്യോഗസ്ഥർക്കും തൃശൂർ ജില്ലാ പൊലീസ് മേധാവിമാർ (സിറ്റി-റൂറൽ) നിർദേശം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ പൊലീസ് മേധാവിമാർ അറിയിക്കണമെന്നും കമീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിൽ ആവശ്യപ്പെട്ടു.
സ്റ്റേഷനിൽ പരാതിയുമായി വരുന്നവരോട് പൊലീസുദ്യോഗസ്ഥർ മാന്യമായി മാത്രം പെരുമാറണം. ചില പൊലീസുദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റം വരേണ്ടതാണ്. ഇത്തരം പ്രാകൃതമായ നടപടികൾ ഉടൻ അവസാനിപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
വിയ്യൂർ പൊലീസ് സ്റ്റേഷനിൽ 2022 ഒക്ടോബർ 21 ന് പരാതി നൽകാനെത്തിയ തന്നോട് അനിൽകുമാർ എന്ന പൊലീസുദ്യോഗസ്ഥൻ അപമര്യാദയായി സംസാരിക്കുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തൃശൂർ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ പൊലീസുദ്യോഗസ്ഥനോട് കാർക്കശ്യത്തോടെ സംസാരിച്ചുവെന്നും അപ്പോൾ പൊലീസുകാരൻ പരാതിക്കാരന്റെ തോളിൽ കൈവച്ച് സബ് ഇൻസ്പെക്ടറുടെ മുറിയിലെത്തിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനെ പൊലീസുദ്യോഗസ്ഥൻ ബലമായി പിടിച്ച് എസ്.ഐ യുടെ മുറിയിലേക്ക് കൊണ്ടുപോയതാവാം പരാതിക്ക് കാരണമായതെന്ന് കമീഷൻ നിരീക്ഷിച്ചു.
പൊലീസുദ്യോഗസ്ഥർ മാന്യമായി പെരുമാറണം എന്നതു സംബന്ധിച്ച് മുമ്പും നിരവധി ഉത്തരവുകൾ പാസാക്കിയിട്ടുണ്ടെന്ന് കമീഷൻ പറഞ്ഞു. മുളങ്കുന്നത്തുകാവ് സ്വദേശി സുകു സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.