സമ്പൂർണ എ പ്ലസുകാർക്കും സയൻസ് സീറ്റിനായി വിയർക്കേണ്ടിവരും
text_fieldsസർവകാല റൊക്കോർഡ് വിജയം രേഖപ്പെടുത്തിയ ഇൗ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം വിദ്യാർഥികളിലും രക്ഷകർത്താക്കളിലും അതിരറ്റ ആഹ്ലാദത്തിനും ആത്മവിശ്വാസത്തിനും വഴിവെച്ചിട്ടുണ്ടാകണം. കോവിഡ് രണ്ടാംതരംഗ ഭീതി ശക്തിപ്പെട്ട ഘട്ടത്തിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ലഭിച്ച മികച്ച വിജയം ആ അർഥത്തിൽ ആഹ്ലാദകരവുമാണ്. എന്നാൽ മികച്ച ഇൗ വിജയം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാക്കുന്ന പ്രതിഫലനം കാണാതിരുന്നുകൂട. അതിൽ പ്രധാനം മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ പെരുപ്പമാണ്. മുൻവർഷങ്ങളിലെല്ലാം എ പ്ലസുകാരുടെ എണ്ണത്തിൽ ആനുപാതികമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണയുണ്ടായ വർധനവ് ആ അനുപാതങ്ങളുടെ പതിൻമടങ്ങിലുള്ളതായിരുന്നു. 2020ൽ 41906 പേർക്കായിരുന്നു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് എങ്കിൽ ഇത്തവണയത് 121318 ആയി കുത്തനെ ഉയർന്നു. ഇൗ വർധനവ് ഒേട്ടറെ കുടുംബങ്ങളിൽ വലിയ ആഹ്ലാദത്തിന് വഴിവെച്ചുകാണും.
എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച 95 ശതമാനത്തിലധികം വിദ്യാർഥികളും ഉപരിപഠനത്തിന് ആശ്രയിക്കുന്നത് സംസ്ഥാന സിലബസിലുള്ള ഹയർസെക്കൻഡറി പഠനം തന്നെയാണ്. ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകളുമായി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികളുടെ എണ്ണത്തെ തട്ടിച്ചുനോക്കുേമ്പാൾ വിജയത്തിലെ ആഹ്ലാദം ഉപരിപഠനത്തിെൻറ കാര്യത്തിലുണ്ടാകില്ലെന്ന് കാണാനാകും.
എ പ്ലസ് നേടിയ കുട്ടികളിൽ ഭൂരിഭാഗവും തെരഞ്ഞെടുക്കുന്നത് സയൻസ് ഗ്രൂപ്പ് തന്നെയായിരിക്കും. ഹൈസ്കൂൾതല വിദ്യാഭ്യാസത്തിൽ നിന്ന് വ്യത്യസ്തമായി ഹയർസെക്കൻഡറി പഠനത്തിന് സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലേക്ക് വിദ്യാർഥികളുടെ കുത്തൊഴുക്കാണ് കേരളത്തിൽ കാണുന്നത്. പത്താം തരം വരെ മികച്ച അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ച വിദ്യാർഥികൾക്കെല്ലാം സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറികളിൽ സയൻസ് ഗ്രൂപ്പിൽ പ്രവേശനം വേണം എന്നതാണ് യാഥാർഥ്യം. സി.ബി.എസ്.ഇ/ െഎ.സി.എസ്.ഇ സിലബസിൽ പത്താം തരം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും പ്ലസ് വൺ പഠനത്തിന് സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകൾ മതിയെന്നിടത്താണ് കാര്യങ്ങൾ. സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രീകൃതമായി നടത്തുന്ന ഏകജാലക പ്രവേശനത്തിന് ലഭിക്കുന്ന അപേക്ഷകളുടെ സ്ഥിതി വിവരം ഇക്കാര്യം അടിവരയിടുന്നു. കഴിഞ്ഞ വർഷം 39335 പേർ സി.ബി.എസ്.ഇ സിലബസിൽ പഠിച്ച് പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചു. 3887 പേർ െഎ.സി.എസ്.ഇ സിലബസിൽ പഠിച്ചും 11275 പേർ മറ്റ് സിലബസുകളിൽ പഠിച്ചും സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറികളിൽ പ്രവേശനത്തിന് അപേക്ഷ നൽകി. ഇതര സിലബസുകളിൽ പഠിച്ച വിദ്യാർഥികളും എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർഥികളും ഒന്നിച്ച് ചേർന്നാണ് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറികളിലെ സീറ്റിനായി മത്സരിക്കുന്നത്. ഇത് ഒരർഥത്തിൽ ഒരു മൽപ്പിടുത്തമാണ്. അപേക്ഷകരിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്നത് സയൻസ് ഗ്രൂപ്പിലെ പ്രവേശനമാണ്. സംസ്ഥാനത്ത സർക്കാർ സ്കൂളുകളിൽ 64000 സയൻസ് സീറ്റുകളാണുള്ളത്. എയ്ഡഡിൽ 88800 സയൻസ് സീറ്റുകളും അൺഎയ്ഡഡിലെ 32776 സീറ്റുകളും ചേർത്ത് 185576 സയൻസ് സീറ്റുകളാണുള്ളത്.
അൺഎയ്ഡഡ് സ്കൂളുകളിൽ എസ്.എസ്.എൽ.സി പൂർത്തിയാക്കിയവരിൽ ഭുരിഭാഗവും സർക്കാർ, എയ്ഡഡ് സ്കൂളുകളെയാണ് ആശ്രയിക്കാറുള്ളത്. മാത്രവുമല്ല, സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ച വിദ്യാർഥികളൊന്നും പ്ലസ് വൺ പഠനത്തിനായി അൺഎയ്ഡഡ് സ്കൂളുകളെ ആശ്രയിക്കാറുമില്ല. അതിനാൽ സയൻസ് സീറ്റുകൾക്ക് വേണ്ടിയുള്ള മൽസരത്തിൽ നിന്ന് അൺഎയ്ഡഡ് സ്കൂളിലെ സീറ്റുകളെ മാറ്റിനിർത്തിയുള്ള പരിശോധനയാണ് ഉചിതം. ഫലത്തിൽ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറികളിലെ 152000 സയൻസ് സീറ്റുകളിലേക്ക് മത്സരിക്കാൻ എസ്.എസ്.എൽ.സിയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 121318 പേരും സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ, ഇതര സിലബസുകളിൽ നിന്നുള്ള കുട്ടികളുമുണ്ടാകും.
എയ്ഡഡ് ഹയർസെക്കൻഡറികളിലെ 88000 സയൻസ് സീറ്റുകളിൽ 54464 സീറ്റുകളാണ് ഏകജാലക പ്രവേശനത്തിലേക്ക് വരുന്നത്. 32400 സീറ്റുകൾ മാനേജ്മെൻറ് ക്വാട്ട, കമ്യൂണിറ്റി ക്വാട്ട വിഭാഗത്തിൽ അതത് സ്കൂളുകളാണ് പ്രവേശനം നൽകുന്നത്. ഫലത്തിൽ സർക്കാർ സ്കൂളുകളിലെ 64000 സീറ്റുകളും എയ്ഡഡ് സ്കൂളുകളിലെ 54464 സീറ്റുകളും ചേർന്ന് 118464 സയൻസ് സീറ്റുകളാണ് ഏകജാലക പ്രവേശനത്തിന് ലഭ്യമാകുക. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 121318 പേരും സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ, ഇതര സിലബസുകളിൽ നിന്നുണ്ടാകുന്ന അര ലക്ഷത്തിലധകം അപേക്ഷകരും ചേരുന്നവർ ഉൾപ്പെടുന്നതായിരിക്കും സയൻസ് സീറ്റിനായുള്ള മത്സരം. ഇതിന് പുറമെ ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങളിൽ മാത്രം എ പ്ലസ് നഷ്ടപ്പെടുകയും വിവിധ ബോണസ് പോയൻറിെൻറ ആനുകൂല്യം ലഭിക്കുന്നവരും കൂടി ചേരുന്നതോടെ സയൻസ് സീറ്റിനായുള്ള മത്സരം കടുക്കുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.