തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ കമീഷന്‍ പൂര്‍ണ പരാജയം; വീഴ്ചയെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് വി.ഡി. സതീശൻ
text_fieldsകൊച്ചി (പറവൂര്‍): തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ കമീഷന്‍ പൂര്‍ണ പരാജയം; വീഴ്ചയെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്. വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ഇന്നലെ മണിക്കൂറുകളോളം ക്യൂ നില്‍ക്കുകയും മടങ്ങി പോയി പിന്നീട് തിരിച്ചെത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടായി.
രണ്ട് വോട്ടുകള്‍ക്ക് ഇടയിലുണ്ടായ കാലതാമസം തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളില്‍ മാത്രം ഉണ്ടായത് എന്തുകൊണ്ടാണെന്നും വിലയിരുത്തപ്പെടണം. പോളിങ് രാത്രി പത്തു വരെ നീളാനുള്ള കാരണമെന്താണ്? മനപൂര്‍വമായി വോട്ടിങ് വൈകിപ്പിച്ചതാണോയെന്ന് അന്വേഷിക്കണം. സംസ്ഥാനത്ത് വ്യാപകമായി വോട്ടിങ് മെഷീനുകള്‍ കേടാകുന്ന സാഹചര്യവുമുണ്ടായി. അത് നന്നാക്കാനെടുത്ത സമയമെങ്കിലും പോളിങില്‍ നീട്ടിക്കൊടുക്കണമായിരുന്നു.
ചില സ്ഥലങ്ങളില്‍ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം അതത് സമയത്ത് അറിയിച്ചിട്ടും തിരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലും ഉണ്ടായില്ല. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നു. കേരളത്തില്‍ ഒരിക്കലും ഇതുപോലൊരു തിരഞ്ഞെടുപ്പ് നടക്കാന്‍ പാടില്ല. നിരവധി പേര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാതെ വീടുകളിലേക്ക് പോകേണ്ടി വന്നത് എന്തുകൊണ്ടാണ്.
കോടികള്‍ ചെലവഴിച്ച് ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്യാമ്പയിനുകളും പരസ്യങ്ങളും ചെയ്തിട്ടാണോ വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കാതിരുന്നത്. വര്‍ഷങ്ങളായി ചിട്ടയോടെ തിരഞ്ഞെടുപ്പ് നടത്തിയിട്ടുള്ള പാരമ്പര്യം നമ്മുടെ രാജ്യത്തിനുണ്ട്. അതാണ് ഇന്നലെ ഇല്ലാതാക്കിയത്. ആര്‍ക്കും ഉത്തരവാദിത്തം ഇല്ലാത്ത രീതിയിലേക്കാണ് പോയത്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണം.
ഡബിള്‍ വോട്ടിങും മരിച്ചവരുടെ പേര് ഒഴിവാക്കാത്തതിന്റെയും ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനാണ്. തെരഞ്ഞെടുപ്പ് കമീഷന്‍ കേരളത്തില്‍ ദയനീയമായി പരാജയപ്പെട്ടു. ഇത്രയും ബി.എല്‍.ഒമാര്‍ ഉണ്ടായിട്ടും കുറ്റമറ്റ വോട്ടര്‍പട്ടിക തയാറാക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? മരിച്ചവരുടെയും പേര് നീക്കം ചെയ്യാത്ത ബി.എല്‍.ഒമാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടേ? കുറെ ഉദ്യോഗസ്ഥര്‍ തോന്നിയ പോലെയാണ് വോട്ടര്‍പ്പട്ടികയുണ്ടാക്കിയത്. ഇരുപതില്‍ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും. ഒരു സീറ്റിലെങ്കിലും ജയിക്കുമെന്ന് പറയാന്‍ സി.പി.എമ്മിനോ ബി.ജെ.പിക്കോ സാധിക്കുമോ? കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ യു.ഡി.എഫ് പ്രചരണം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.