മലങ്കര എസ്റ്റേറ്റ് ആറ് ഹെക്ടർ തോട്ടഭൂമി മുറിച്ചുവിറ്റു; ഭൂമിയിൽ അനധികൃത നിർമാണം നടത്തി
text_fieldsമുട്ടം: മലങ്കര റബർ പ്രൊഡ്യൂസിങ് എസ്റ്റേറ്റ് കമ്പനി തോട്ടഭൂമി മുറിച്ചുവിൽക്കുന്നതായി പരാതി. ആലക്കോട്, മുട്ടം, കരിങ്കുന്നം, കാരിക്കോട് വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന മലങ്കര എസ്റ്റേറ്റ് കമ്പനിക്ക് 674 ഹെക്ടർ പട്ടയഭൂമിയും 9.337 ഹെക്ടർ പാട്ട ഭൂമിയുമാണ് ഉള്ളത്. ഇതിൽ ആറ് ഹെക്ടർ ഭൂമിയാണ് അമ്പതോളം സ്വകാര്യ വ്യക്തികൾക്ക് മുറിച്ചുവിറ്റത്. ഇതിൽ അധികവും വാങ്ങിയത് കരിങ്കുന്നം, തൊടുപുഴ, വെള്ളിയാമറ്റം, മണക്കാട്, കടനാട്, മൂലമറ്റം, ആലക്കോട്, കാഞ്ഞിരപ്പള്ളി സ്വദേശികളാണ്.
തോട്ടഭൂമി തരംമാറ്റാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് ചില കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഭൂമി മുറിച്ചുവിൽക്കുന്നതെന്നാണ് ആക്ഷേപം. ശേഷം ഇവ തരംമാറ്റി ബഹുനില കെട്ടിടങ്ങൾ നിർമിക്കുന്നു. തോട്ടഭൂമിയിൽ കെട്ടിടങ്ങൾ നിർമിക്കാൻ പഞ്ചായത്ത് സകല അനുമതിയും നൽകുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ഇവയിൽ വ്യവസായങ്ങളും വ്യാപാരങ്ങളും നടന്നുവരുന്നു. തോട്ടഭൂമി എന്നത് മറച്ചുവെച്ചാണ് പെർമിറ്റിനും ലൈസൻസിനും അപേക്ഷിക്കുന്നത്.
മുട്ടം വില്ലേജ് പരിധിയിലെ ഭൂമിയാണ് മുറിച്ചുവിറ്റത്. മുട്ടം വില്ലേജിൽ 247.8557 ഹെക്ടറും കാരിക്കോട് വില്ലേജിൽ 210.3600 ഹെക്ടറും കരിങ്കുന്നത്ത് 53.78.04 ഹെക്ടറും ആലക്കോട് 161.92.40 ഹെക്ടറും ഭൂമിയാണ് മലങ്കര എസ്റ്റേറ്റിനുള്ളത്. തോട്ട ഭൂമി മുറിച്ചുവിറ്റത് താലൂക്ക് അധികാരികളുടെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് പറയുന്നത്. പത്ത് വർഷത്തിലധികംകാലം കൊണ്ടാണ് ഇത്രയും ഭൂമി വിറ്റത്. സംസ്ഥാന പാതയുടെ വശങ്ങളിൽ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഭൂമിയാണ് മലങ്കരക്കുള്ളത്. ഇത് മുറിച്ചുവിറ്റ് കോടികളാണ് കമ്പനി സമ്പാദിക്കുന്നത്. തോട്ടം ഭൂമി വിൽപനക്ക് അനുമതി ലഭിച്ചാൽ പോലും തരംമാറ്റാൻ നിയമപ്രകാരം കഴിയില്ല.
വാങ്ങുന്ന എസ്റ്റേറ്റ് ഭൂമിയിൽ ഏതുതരം കൃഷിയാണോ അതുതന്നെ കൃഷി ചെയ്യണമെന്നാണ് നിയമം. എന്നാൽ, ഇതെല്ലാം കാറ്റിൽപറത്തിയാണ് ബഹുനില മന്ദിരങ്ങൾ ഉൾപ്പെടെ നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.