സമ്പൂര്‍ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും
text_fieldsകൽപറ്റ: സംസ്ഥാന സാക്ഷരത മിഷന് ജില്ലയിലെ തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്ന വയനാട് സമ്പൂര്‍ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും. പദ്ധതിയുടെ ഭാഗമായി ജില്ലതല സംഘാടക സമിതി യോഗം ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ രൂപരേഖ സംഷാദ് മരക്കാര്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബുവിന് നല്കി പ്രകാശനം ചെയ്തു.
ജില്ലയില്‍ തിരഞ്ഞെടുത്ത 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കല്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭകളെയും മുട്ടില്‍, തിരുനെല്ലി, തൊണ്ടര്‍നാട്, മീനങ്ങാടി, നൂൽപുഴ, പടിഞ്ഞാറത്തറ, അമ്പലവയല്‍, പനമരം, മുള്ളൻകൊല്ലി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളെയുമാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്തത്. മാര്‍ച്ച് ഒന്നു മുതല്‍ ഒക്ടോബര്‍ രണ്ടു വരെയാണ് ക്ലാസുകള്‍ നടത്തുക. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. പദ്ധതിയില്‍ ഉള്‍പ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിപുലമായ സംഘാടക സമിതി യോഗം വിളിച്ചുചേര്‍ക്കും. മുന്‍ പദ്ധതികളിലൂടെ സാക്ഷരത നേടിയ ആദിവാസി വിഭാഗക്കാരായ പഠിതാക്കളെ പദ്ധതിയുടെ ഗുണഭോക്താക്കളായി നാലാം തരം തുല്യത കോഴ്സിലേക്ക് രജിസ്റ്റര്‍ ചെയ്യും. സന്നദ്ധ സേവന താല്പര്യമുള്ള ഇന്‍സ്ട്രക്ടര്‍മാരെ ആദിവാസി വിഭാഗത്തില്‍നിന്ന് കണ്ടെത്തി പരിശീലനം നല്‍കും. ലോക സാക്ഷരത ദിനമായ സെപ്റ്റംബര്‍ എട്ടിന് തുല്യത പരീക്ഷ നടത്തി ഗാന്ധിജയന്തി ദിനത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും. യോഗത്തില്‍ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സീത വിജയന്, ഉഷ തമ്പി, എം. മുഹമ്മദ് ബഷീര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്, ജില്ല ട്രൈബല്‍ ഓഫിസര്‍ ഇ.ആര്. സന്തോഷ്കുമാര്‍, എസ്.എസ്.കെ കോഓഡിനേറ്റര്‍ വി. അനില്‍കുമാര്‍, എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ കെ.ടി. പ്രജുകുമാര്‍, സാക്ഷരത മിഷന് ജില്ല കോഓഡിനേറ്റര്‍ പി.വി. ശാസ്തപ്രസാദ്, സ്റ്റാഫ് പി.വി. ജാഫര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.