നിർബന്ധിത കുമ്പസാരം: നടപടി ആവശ്യപ്പെട്ട് വനിത കമീഷന് പരാതി
text_fieldsകോലഞ്ചേരി: ഓർത്തഡോക്സ് സഭയിലെ നിർബന്ധിത കുമ്പസാരത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിത കമീഷനും ദേശീയ വനിത കമീഷനും പരാതി. പഴന്തോട്ടം പള്ളി ഇടവകക്കാരായ ജീന സാജു തച്ചേത്ത്, മേരി സാജു ചക്കുങ്ങൽ എന്നിവരാണ് സംസ്ഥാന-ദേശീയ വനിത കമീഷനുകൾക്ക് പരാതി നൽകിയത്.
ഓർത്തഡോക്സ് സഭയുടെ 1934 ഭരണഘടന പ്രകാരം സഭാംഗങ്ങൾ നിർബന്ധിത കുമ്പസാരം നടത്തണമെന്ന നടപടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ടനാട് പള്ളി ഇടവകാംഗം മാത്യു ടി. മാത്തച്ചൻ, പഴന്തോട്ടം പള്ളി ഇടവകാംഗം ജോസ് ചക്കുങ്ങൽ എന്നിവർ നൽകിയ ഹരജി നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ കേസിലെ കക്ഷികളാണ് ഇപ്പോൾ വനിത കമീഷനെ സമീപിച്ചത്.
രണ്ടുവർഷം പിന്നിടുമ്പോഴും കേസ് സഭ നേതൃത്വവും കേന്ദ്ര-സംസ്ഥാന സർക്കാറുകളും അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുകയാണെന്നും അതിനാലാണ് വനിത കമീഷൻ ഇടപെടൽ ആവശ്യപ്പെടുന്നതെന്നും പരാതിക്കാരായ വനിതകൾ പറഞ്ഞു. ഇടവകാംഗങ്ങൾക്ക് കുമ്പസാരം നിർബന്ധമാക്കിയതുമൂലം വൈദികരുടെ അമിതാധികാരം വിശ്വാസികളുടെമേൽ അടിച്ചേൽപിക്കാനും സ്ത്രീകളെ പീഡനത്തിന് വിധേയമാക്കാനും കാരണമാക്കുകയാണെന്നും പരാതിയിൽ പറയുന്നു.
നിരവധി വൈദികരാണ് കുമ്പസാരത്തിന്റെ മറവിൽ സ്ത്രീകളെ പീഡിപ്പിച്ച് ജയിലിൽ പോയതെന്നും പോക്സോ കേസുകളിൽ അകപ്പെട്ടതെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.