വെള്ളത്തിലും കൈകടത്താൻ കേന്ദ്രം
text_fieldsതിരുവനന്തപുരം: സംസ്ഥാനങ്ങളുടെ ജലവിഭവ വിവരശേഖരത്തിൽ കടന്നുകയറ്റത്തിന് കേന്ദ്ര നീക്കം. നാഷനൽ വാട്ടർ ഇൻഫോർമാറ്റിക്സ് സെന്റർ മാതൃകയിൽ ജലവിവര കേന്ദ്രങ്ങൾ (എസ്.ഡബ്ല്യു.ഐ.സി) സ്ഥാപിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകി.
ജലസ്രോതസ്സുകളുടെയും ജലവിഭവങ്ങളുടെയും ആസൂത്രണത്തിനും വിനിയോഗത്തിനും പരിപാലനത്തിനും ഡിജിറ്റൽ- ഓൺലൈൻ ജലവിഭവ വിവര സംവിധാനങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമായി പറയുന്നതെങ്കിലും പുഴകളുടെയും മറ്റ് ജലസ്രോതസ്സുകളുടെയും സുപ്രധാന വിവരങ്ങൾ പങ്കുവെച്ച് കിട്ടലാണ് യഥാർഥ ഉദ്ദേശ്യം. സംസ്ഥാനം ശേഖരിച്ച് സൂക്ഷിക്കുന്ന ഈ വിവരങ്ങൾ ഭാവിയിൽ കേന്ദ്രവുമായി പങ്കുവെക്കേണ്ട നിർബന്ധിത സാഹചര്യമുണ്ടാകും. ജലകാര്യം സംസ്ഥാനത്തിന് മാത്രം അധികാരമുള്ള വിഷയമായിരിക്കെയാണ് ഈ നീക്കം. കേന്ദ്ര സർക്കാറിന് കീഴിൽ 2016ൽ തുടങ്ങി എട്ടുവർഷം നീളുന്ന നാഷനൽ ഹൈഡ്രോളജി പദ്ധതി(എൻ.എച്ച്.പി)യുടെ ഭാഗമായാണ് പുതിയ കേന്ദ്രങ്ങൾക്ക് കർശന നിർദേശം നൽകിയത്.
എസ്.ഡബ്ലു.ഐ.സിയുമായി ബന്ധപ്പെട്ട കേന്ദ്ര രേഖകളിൽ തന്നെ 'ജലകാര്യത്തിൽ സംസ്ഥാനങ്ങൾക്കൊപ്പം ഭാവിയിൽ കേന്ദ്രത്തിനും തീരുമാനങ്ങളെടുക്കാൻ അധികാരം നൽകുന്നെന്ന' ഭാഗങ്ങളുണ്ടെന്നതാണ് സംശയാസ്പദം. പദ്ധതി കേന്ദ്രത്തിന്റേതാണെന്നതിനാൽ ഫണ്ടും കേന്ദ്രം നൽകും. കേന്ദ്രം വിളിച്ച ഉന്നതതല യോഗങ്ങളിൽ ബംഗാൾ അടക്കം പല സംസ്ഥാനങ്ങളും ഈ സംശയം ഉന്നയിച്ചെങ്കിലും കൃത്യമായ മറുപടി ഉണ്ടായില്ല. മോഹനനിർദേശങ്ങൾക്ക് പിന്നിൽ ചരടുകളുണ്ടെന്ന് കാണാതെ കേരളത്തിലും ജലവിവര കേന്ദ്രം സ്ഥാപിക്കാൻ കഴിഞ്ഞ 17ന് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിക്കഴിഞ്ഞു. പുഴകളുടെ ജലനിരപ്പ് , ഒഴുകിപ്പോകുന്ന വെള്ളം, മഴവെള്ളം, ഊഷ്മാവ്, തണ്ണീർത്തടങ്ങൾ എന്നിങ്ങനെ ജലസ്രോതസ്സുകളുടെ വിവരം ക്രോഡീകരിച്ച് ഡിജിറ്റലായി ഏകോപിക്കും. കേന്ദ്ര നിർദേശമായതിനാൽ അധികനാൾ അവഗണിച്ച് മുന്നോട്ടുപോകാനാവില്ലെങ്കിലും സംസ്ഥാനത്തിന് നയരൂപവത്കരണത്തിലൂടെ മറികടക്കാനാകുമെന്ന് അഭിപ്രായമുണ്ട്.
കാലാവസ്ഥ വ്യതിയാനംമൂലം ജലസ്രോതസ്സുകളിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പഠിക്കുന്നതിന് ഈയടുത്ത് കേന്ദ്രവുമായി ധാരണ പത്രം ഒപ്പുവെക്കുന്ന ഘട്ടത്തിൽ ഒരു കാരണവശാലും അന്തർസംസ്ഥാന നദീജലം സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കേണ്ടെന്ന് എ.ജി നിയമോപദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നയരൂപവത്കരണവും നടത്തി. ഇതേ മാതൃകയാണ് ജലവിവര കേന്ദ്രങ്ങളുടെ കാര്യത്തിലും സ്വീകരിക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.