വിദ്യാർഥികളിൽ നിന്ന് നിർബന്ധിത പിരിവ്; അധ്യാപകർക്ക് കിട്ടുന്നുമില്ല
text_fieldsശമ്പളം നൽകും മുമ്പ് ജീവനക്കാരിൽനിന്ന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു വാങ്ങുന്ന തൊഴിലുടമയെ കുറിച്ച് കേട്ടിട്ടുണ്ടോ, അല്ലെങ്കിൽ ജീവനക്കാർക്കായി ഉണ്ടാക്കുന്ന ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച എ.ടി.എം കാർഡ് വാങ്ങി സൂക്ഷിക്കുന്നവരെ അറിയാമോ? സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ പലർക്കും ഇതൊരു കേട്ടുകേൾവിയല്ല, സ്വന്തം അനുഭവങ്ങളാണ്. എന്തിനിങ്ങനെ ചെയ്യുന്നുവെന്നല്ലേ, ശമ്പളയിനത്തിൽ വലിയൊരു തുക അക്കൗണ്ടിൽ ഇടും. പിന്നാലെ നല്ലൊരു ശതമാനവും തിരിച്ചു പിടിക്കുകയുമാണ് ചില സ്കൂൾ മാനേജ്മെൻറുകളുടെ കുടില തന്ത്രം.
ശമ്പളക്കുറവിെൻറ പേരിൽ സ്കൂളിനെതിരെ അധ്യാപകർ നിയമപരമായി നീങ്ങിയാൽ പോലും രേഖകളൊന്നുമുണ്ടാവില്ല, കാരണം 20,000 രൂപക്കു മുകളിലൊക്കെ ശമ്പളം 'അക്കൗണ്ടി'ലെത്തുന്നുണ്ടല്ലോ.
സ്വതവേ കടുത്ത തൊഴിൽ ചൂഷണവും ശമ്പളക്കുറവും അനുഭവിക്കുന്ന സ്വകാര്യ സ്കൂൾ അധ്യാപകർക്ക് ഇരട്ടിപ്രഹരമാണ് ലോക്ഡൗണിനെ തുടർന്നുണ്ടായ ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം സമ്മാനിച്ചത്.
ലോക്ഡൗണിനു മുമ്പു തന്നെ ഭൂരിഭാഗം പേരുടെയും ശമ്പളം അഞ്ചക്കം തികക്കാറില്ല. കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇത് പകുതിയായി വെട്ടിച്ചുരുക്കി. പശ്ചിമകൊച്ചിയിൽ ഒരു സ്കൂളിലെ പ്രിൻസിപ്പലിന് ശമ്പളം ഏഴായിരം രൂപയാണ്. പ്രിൻസിപ്പലിെൻറ സ്ഥിതി ഇതാണെങ്കിൽ മറ്റധ്യാപകരുടെ കാര്യം പറയാനുണ്ടോ?
സ്വകാര്യ സ്കൂളുകളിലെ അധ്യാപകരെ സംബന്ധിച്ചിടത്തോളം 15,000 രൂപയൊക്കെ ഉയർന്ന ശമ്പളമാണ്. ഇതു കിട്ടുന്നവരാണെങ്കിൽ വളരെ കുറവും. ലോക്ഡൗണായതോടെ അയ്യായിരവും ആറായിരവുമെല്ലാമായി. നേരത്തേ 10,000ത്തിൽ താഴെ ശമ്പളം കിട്ടിക്കൊണ്ടിരുന്നവരുടെ സ്ഥിതി അതിദയനീയമായി. കുടുംബത്തിെൻറ പ്രധാന വരുമാനം ഈ ജോലിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.
വിദ്യാർഥികളിൽനിന്ന് ഉയർന്ന ഫീസും സ്പെഷൽ ഫീസുമെല്ലാം പലവിധ ഫണ്ടുകളും എല്ലാം നിർബന്ധിച്ച് ഈടാക്കുന്നത് അധ്യാപകരുടെ ശമ്പളം നൽകാനെന്ന പേരിലാണ്. മിക്കയിടത്തും സെൻറിമെൻറ്സ് ഇറക്കിയും നിർബന്ധിച്ചും ഫീസ് വാങ്ങിച്ചെടുക്കേണ്ട ചുമതലയും അധ്യാപകർക്കാണ്. കുട്ടികളിൽനിന്ന് മുഴുവൻ ഫീസും ഈടാക്കിയിട്ടും അധ്യാപകർക്കു കിട്ടുന്നത് പകുതി മാത്രമെന്നതാണ് വിരോധാഭാസം. ക്ലാസ്റൂമുകൾ ഓൺലൈനായി മാറിയെങ്കിലും അധ്യാപകരുടെ അധ്വാനത്തിൽ കാര്യമായ കുറവില്ല. പലർക്കും വീട്ടിലിരുന്ന് പഠിപ്പിക്കുന്നത് വലിയ തലവേദനയായി മാറി.
ക്ലാസിനുള്ള വിഡിയോ തയാറാക്കൽ, മണിക്കൂറുകൾ നീളുന്ന ലൈവ് ക്ലാസ്, ഓരോ കുട്ടിയുടെയും പ്രകടനം വിലയിരുത്തൽ എന്നിങ്ങനെ ഉത്തരവാദിത്തം ഏറെയായി. ക്ലാസെടുക്കാനുള്ള ഭൗതിക സാഹചര്യമൊരുക്കൽ, രാപകലില്ലാതെ വിദ്യാർഥികളുടെ സംശയനിവാരണം, പരിമിത സൗകര്യങ്ങളിൽ പരീക്ഷ നടത്തൽ തുടങ്ങി അധ്യാപകരിൽ പലരും ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയിലാണ്.
ഇതിനിടെ വീട്ടിലെ കാര്യങ്ങളും നടന്നുപോകണം. പഠനത്തിൽ പിന്നാക്കമായ കുട്ടികൾക്ക് ചില സ്കൂളുകളുടെ വകയുള്ള പ്രത്യേക ക്ലാസുകളും അധ്യാപകരുടെ ചുമതല തന്നെ. അധ്യാപകൻമാരേക്കാൾ സ്വകാര്യ മേഖലയിൽ മൃഗീയ ഭൂരിപക്ഷമുള്ള അധ്യാപികമാരാണ് ഇക്കാര്യത്തിൽ വലിയ പ്രയാസമനുഭവിക്കുന്നത്.
മിണ്ടിയാൽ പണി പോവും
ഉയർന്ന ശമ്പളം അക്കൗണ്ടിലേക്കിട്ട് എ.ടി.എം കാർഡുപയോഗിച്ച് മാനേജ്മെൻറ് തന്നെ തുക തിരിച്ചുപിടിക്കുന്ന രീതിക്കെതിരെ ശബ്ദമുയർത്തിയ മൂന്ന് അധ്യാപകരെ പിരിച്ചുവിട്ട സ്കൂളുണ്ട് കൊച്ചിയിൽ. മൂന്നു പതിറ്റാണ്ടോളം സ്വകാര്യ സ്കൂളിൽ ജോലി ചെയ്ത കായികാധ്യാപകനോട് സ്കൂൾ മാനേജ്മെൻറ് പിരിഞ്ഞുപോവാനാവശ്യപ്പെട്ടത് കഴിഞ്ഞ ഡിസംബറിലാണ്. ഒരാളെ പിരിച്ചു വിടുമ്പോൾ മറ്റുള്ളവരും സ്വാഭാവികമായി പേടിച്ചു മിണ്ടാതിരുന്നോളും എന്നതും അധികൃതർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു.
ശമ്പളമെങ്ങാനും കൂട്ടിച്ചോദിച്ചാലോ അനീതിക്കെതിരെ പ്രതികരിച്ചാലോ നാളെ തൊട്ട് ടീച്ചർ വരേണ്ടായെന്നായിരിക്കും കൽപന. കോവിഡ് പ്രതിസന്ധി താങ്ങാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അധ്യാപകരെ അന്യായമായി പിരിച്ചുവിട്ട സ്കൂളുകളുമുണ്ട്. സ്വകാര്യ സ്കൂൾ അധ്യാപകർക്കിടയിൽ ശക്തമായ സംഘടന സംവിധാനങ്ങളോ മറ്റോ ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി.
എന്തെങ്കിലും തരത്തിൽ യൂനിയൻ പ്രവർത്തനം നടത്തുന്നതും പല സ്കൂളുകൾക്കും പിരിച്ചുവിടാനുള്ള കാരണമാണ്. അതുകൊണ്ടു തന്നെയാണ് മറ്റു പല മേഖലകളിലും തൊഴിൽ ചൂഷണങ്ങൾക്കെതിരെ സംഘടിതമായി ജീവനക്കാർ കൊടിപിടിക്കുകയും അണിനിരക്കുകയും ചെയ്യുമ്പോഴും സ്വകാര്യ അധ്യാപകരുടെ കാര്യത്തിൽ സമരവും കുത്തിയിരിപ്പുമെല്ലാം അത്യപൂർവ സംഭവങ്ങളാവുന്നത്.
ശമ്പളത്തെ കുറിച്ചോ തങ്ങളുടെ ആനുകൂല്യത്തെ കുറിച്ചോ ആരെങ്കിലും പൊതുവിടങ്ങളിൽ പരാതിപ്പെട്ടാലും പ്രതിഷേധിച്ചാലും രക്ഷിതാക്കളെ ഇളക്കി വിടുകയെന്നതാണ് മറ്റൊരു തന്ത്രം. പഠിപ്പിക്കേണ്ട സമയത്ത് അധ്യാപകർ വ്യക്തിപരമായ കാര്യങ്ങളിലാണെന്നും മറ്റുമാണ് മാനേജ്മെൻറ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഈ സമ്മർദതന്ത്രം എളുപ്പത്തിൽ ഫലിക്കും.
വേണ്ടത് നിയമനിർമാണം
പതിനായിരക്കണക്കിനാളുകളുടെ ഉപജീവനവും ജീവിതവുമായ സ്വകാര്യ സ്കൂൾ അധ്യാപനവുമായി ബന്ധപ്പെട്ട് ഒരു നിയമവും ഇല്ലെന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. അതുകൊണ്ടു തന്നെ ശമ്പളവും ആനുകൂല്യവും നിയമനവും പിരിച്ചുവിടലുമെല്ലാം മാനേജ്മെൻറുകൾക്ക് തോന്നിയപോലെയാണ്.
2012ൽ സ്വകാര്യ മേഖലയിലെ അധ്യാപകരുെട നേതൃത്വത്തിൽ നിയമനിർമാണം ആവശ്യപ്പെട്ട് സെക്രേട്ടറിയറ്റ് സമരം നടത്തിയതിനു പിന്നാലെ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ സമഗ്ര നിയമനിർമാണം ഉറപ്പുനൽകിയിരുന്നു. ഒരു പതിറ്റാണ്ടിലേറെ ആയിട്ടും വാക്കായി അവശേഷിക്കുകയാണ്.
തൊഴിൽ സംരക്ഷണത്തിന് നിയമനിർമാണം എന്ന് ഒന്നാം പിണറായി സർക്കാറും വാഗ്ദാനം നൽകി, കരട് തയാറാക്കുകയും ചെയ്തു. എന്നാലിതും നിയമമാക്കാത്തതിനെ തുടർന്ന് അധ്യാപകരുടെ തൊഴിൽ സുരക്ഷ സ്വപ്നമായി തുടരുന്നു, ഒപ്പം പ്രതിസന്ധിയും.
അധ്യാപന രംഗത്തെ സേവന-വേതന വ്യവസ്ഥകൾ സംബന്ധിച്ച് ശക്തമായ നിയമനിർമാണം നടപ്പാക്കാതെ തങ്ങളുടെ ദുരിതം അവസാനിക്കില്ലെന്ന് കേരള അൺഎയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂനിയൻ ജില്ല വൈസ് പ്രസിഡൻറ് സി.ഡി ജിജു ചൂണ്ടിക്കാട്ടി.
പ്രതിസന്ധി കാലത്തെക്കുറിച്ച് മാനേജ്മെൻറുകൾക്കും പറയാനുണ്ട്. അതേക്കുറിച്ച് നാളെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.