ക്ഷേമ പെൻഷൻ ലഭിക്കാൻ മസ്റ്ററിങ് നിർബന്ധം; ഏപ്രിൽ ഒന്ന് മുതൽ തുടങ്ങും
text_fieldsതിരുവനന്തപുരം: 2022 ഡിസംബർ 31 വരെ സാമൂഹികസുരക്ഷ- ക്ഷേമനിധി പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സർക്കാർ നിർദേശം. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കിയവർക്ക് മാത്രമേ തുടർന്നും പെൻഷൻ ലഭിക്കൂ.
സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും ഒന്നുമുതൽ 20 വരെ ചെയ്യാം. അവർക്ക് മസ്റ്ററിങ്ങിന് അനുവദിച്ച കാലയളവുവരെ പെൻഷന് അർഹതയുണ്ടാകും. തുടർന്ന് മസ്റ്ററിങ് നടത്തിയ മാസം മുതലുള്ള പെൻഷൻ മാത്രമേ ലഭിക്കൂ. മസ്റ്ററിങ് ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹതയുണ്ടാകില്ല. മസ്റ്റർ ചെയ്തവർക്ക് മാത്രമേ നിശ്ചിത കാലാവധിക്കുശേഷം പെൻഷൻ വിതരണം നടത്തൂ. യഥാസമയം മസ്റ്റർ ചെയ്യാത്തതിനാൽ കുടിശ്ശികയാകുന്ന പെൻഷൻ തുക കുടിശ്ശികക്കായി പണം അനുവദിക്കുമ്പോൾ മാത്രമേ വിതരണം ചെയ്യൂ.
ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്തവർ വിവരം അറിയിച്ചാൽ അക്ഷയ കേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ആധാർ ഇല്ലാതെ സാമൂഹികസുരക്ഷ പെൻഷൻ അനുവദിക്കപ്പെട്ട 85 വയസ്സ് കഴിഞ്ഞവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, സ്ഥിരമായി രോഗശയ്യയിലുള്ളവർ, ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾ, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർ എന്നിവർ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ/ ക്ഷേമനിധി ബോർഡുകൾ എന്നിവയിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കണം.
2024 മുതൽ എല്ലാ വർഷവും ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28/ 29ന് അകം തൊട്ടുമുമ്പുള്ള വർഷം ഡിസംബർ 31 വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യാൻ 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യാൻ 50 രൂപയും ഫീസായി നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.