എം.എസ്സി നഴ്സിങ്ങിന് ഒരുവർഷം നിർബന്ധിത അധ്യാപക സേവനം; വിദ്യാർഥികൾ പ്രതിസന്ധിയിൽ
text_fieldsകോഴിക്കോട്: സർക്കാർ നഴ്സിങ് കോളജുകളിൽ എം.എസ്സി നഴ്സിങ് പഠിക്കുന്ന വിദ്യാർഥികൾ പഠനശേഷം ഒരുവർഷം നിർബന്ധിത അധ്യാപക സേവനം ചെയ്യണമെന്ന ആരോഗ്യവകുപ്പ് ഉത്തരവ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു. കോഴ്സ് പൂർത്തിയാക്കി ഇറങ്ങുന്ന വിദ്യാർഥികൾ ബോണ്ട് വ്യവസ്ഥയിൽ അധ്യാപക സേവനം നിർബന്ധിതമാക്കി ഇക്കഴിഞ്ഞ ജൂലൈ 11നാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
നേരത്തേ നിർബന്ധിത സർവിസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. അധ്യാപന സർവിസ് ഓപ്ഷണലാണ് എന്നായിരുന്നു കോഴ്സിന് ചേരുമ്പോൾ നൽകിയ പ്രോസ്പെക്ടസിൽ രേഖപ്പെടുത്തിയത്. കോഴ്സ് പൂർത്തിയാക്കാതെ പുറത്തുപോകുകയോ മറ്റ് ജോലികളിൽ പ്രവേശിക്കുകയോ ചെയ്താൽ രണ്ടുലക്ഷം രൂപ പിഴയീടാക്കുമെന്ന വ്യവസ്ഥയിലാണ് വിദ്യാർഥികൾ പ്രവേശനം നേടിയത്.
അതിനാൽ, ഈ മാസം പഠനം കഴിഞ്ഞിറങ്ങുന്ന 2022-24 ബാച്ച് വിദ്യാർഥികൾ നാട്ടിലേക്കു മാറാൻ തയാറെടുക്കുന്നതിനിടെയാണ് പുതിയ ഉത്തരവ് ഇറങ്ങിയത്. 25000 രൂപ മാസശമ്പളം എന്ന വ്യവസ്ഥയിലാണ് നിർബന്ധിത അധ്യാപക സേവനം.
തുച്ഛ വേതനത്തിന് ഒരുവർഷം തുടരാൻ കഴിയില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഈ മാസം കോഴ്സ് പൂർത്തിയാക്കുന്നതോടെ സ്വകാര്യ ആശുപത്രികളിലും വിദേശരാജ്യങ്ങളിലും ജോലിക്ക് കയറാൻ തയാറായി നിൽക്കുന്നവർക്കും ആരോഗ്യവകുപ്പിന്റെ പെട്ടെന്നുള്ള ഉത്തരവ് തിരിച്ചടിയായി. ജനറൽ നഴ്സിങ് കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർഥികൾക്ക് 30000ത്തിന് മുകളിൽ ശമ്പളം ലഭിക്കുന്ന സാഹചര്യത്തിൽ എം.എസ്സി നഴ്സിങ് പൂർത്തിയാക്കി അധ്യാപക ജോലിയിൽ കയറുന്ന തങ്ങൾക്ക് 25000 രൂപ മാസശമ്പളം നിശ്ചയിച്ചത് നീതീകരിക്കാനാവില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഉത്തരവിനെതിരെ കേരള നഴ്സിങ് പി.ജി അസോസിയേഷന്റെ നേതൃത്വത്തിൽ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ഇന്ന് കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.