നിര്‍ബന്ധിത വില്ലേജ് ഓഫിസ് സേവനം; 15നകം മാറ്റി നിയമിക്കാന്‍ നിർദേശം
text_fieldsതിരുവനന്തപുരം: നിര്‍ബന്ധിത വില്ലേജ് ഓഫിസ് സേവനം നടപ്പാക്കുന്നതിന്റെ ഭാഗമായി സീനിയോറിറ്റി പട്ടികയിലുള്ള ജീവനക്കാരെ ഈ മാസം 15നകം മാറ്റിനിയമിക്കാന്‍ ലാന്‍ഡ് റവന്യൂ കമീഷണറുടെ നിര്‍ദേശം. ക്ലര്‍ക്ക്, വില്ലേജ് അസിസ്റ്റന്റ്, സീനിയര്‍ ക്ലര്‍ക്ക്, സ്പെഷല്‍ വില്ലേജ് ഓഫിസര്‍ കേഡറുകളിലുള്ളവര്ക്കാണ് സ്ഥാനക്കയറ്റത്തിന് മൂന്നുവര്‍ഷത്തെ വില്ലേജ് ഓഫിസ് സേവനം നിര്‍ബന്ധമാക്കിയത്.
അടുത്ത ഏപ്രില്‍ മുതല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍, ജൂനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് വില്ലേജ് ഓഫിസര്‍ തസ്തികയില്‍ രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചിരിക്കണമെന്ന് റവന്യൂ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാനക്കയറ്റം താൽക്കാലികമായി വേണ്ടെന്ന് വെച്ചവരെയും ജോലി ക്രമീകരണ വ്യവസ്ഥയിലുള്ളവരെയും നിര്‍ബന്ധിത വില്ലേജ് ഓഫിസ് സേവനത്തില്‍നിന്ന് ഒഴിവാക്കില്ല.സീനിയോറിറ്റി ക്രമത്തില്‍ അവരെയും നിയോഗിക്കാനാണ് നിര്‍ദേശം.
സ്ഥാനക്കയറ്റം വേണ്ടെന്ന് എഴുതി നല്‍കിയവരെ വില്ലേജ് സേവനത്തിന് പരിഗണിക്കില്ല. ഇക്കാര്യത്തില്‍ ജീവനക്കാര്‍ സമ്മതപത്രം നല്‍കണം. സ്റ്റേഷന് മാറ്റി ജീവനക്കാരെ നിയമിക്കുകയാണെങ്കില്‍ ലാന്‍ഡ് റവന്യൂ കമീഷണറുടെ മുന്‍കൂര്‍ അനുമതി തേടണം. നിര്‍ബന്ധിത വില്ലേജ് ഓഫിസ് സേവനത്തിന് തയാറാകാത്ത ജീവനക്കാരില്‍നിന്ന് സമ്മതപത്രം വാങ്ങി സേവനപുസ്തകത്തില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.