ആ കമ്പ്യൂട്ടറുകൾ എവിടെയാണ്....
text_fieldsകോടികൾ മുടക്കി വിദ്യാലയങ്ങളിലും കുട്ടികൾക്കുമായി വിതരണം ചെയ്ത കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ഉപയോഗമില്ലാതെ നശിക്കുന്നത് പല വിദ്യാലയങ്ങളിലും കാണുന്ന കാഴ്ചയാണ്. കുട്ടികൾക്ക് കൃത്യമായി കമ്പ്യൂട്ടർ പഠനത്തിന് സംവിധാനമില്ലാത്തതും സ്കൂളധികൃതരുടെ ഉദാസീനതയുമാണ് ഇവ പാഴാവാൻ കാരണം.
മുൻ വർഷങ്ങളിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ കൈറ്റിന്റെ മേൽനോട്ടത്തിൽ വിതരണം ചെയ്ത കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും കുട്ടികൾക്ക് ഉപകാരപ്പെടുന്നില്ലെന്ന പരാതി രക്ഷിതാക്കൾ നിരന്തരമായി ഉന്നയിക്കാറുണ്ടെങ്കിലും നടപടി എടുക്കേണ്ടവർ കണ്ടില്ലെന്ന് നടിക്കുകയാണ്. പുതിയ കമ്പ്യൂട്ടറുകൾ ഉപയോഗിക്കാതിരുന്ന് പിന്നീട് കേടായി മൂലക്കിടുകയാണ് പതിവ്. ആദിവാസി കുട്ടികൾക്ക് വിതരണം ചെയ്ത ലാപ്ടോപ്പുകളും പഠിപ്പിക്കാനാളില്ലാതെ നശിച്ച അനുഭവങ്ങളും നിരവധിയാണ്.
ലാപ്ടോപ് കിട്ടിയിട്ടും ഉപയോഗിക്കാനാവാതെ ആദിവാസി വിദ്യാർഥികൾ പ്രയാസപ്പെടുന്നത് വാർത്തയായിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാകിരണം പദ്ധതി പ്രകാരം ആദിവാസി വിദ്യാർഥികൾക്ക് വിതരണം ചെയ്ത ലാപ്ടോപ്പുകളാണ് കൃത്യമായി ഉപയോഗിക്കാൻ കഴിയാതെ പോയത്.
നെറ്റ് സംവിധാനമോ ഉപയോഗിക്കാനുള്ള പ്രാവീണ്യമോ നൽകാത്തതിനാൽ ബഹുഭൂരിപക്ഷത്തിനും ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ജില്ലയിൽ 17,000ത്തിലധികം ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്. വ്യത്യസ്ത പദ്ധതിക്കായി കോടികൾ പൊടിക്കുമ്പോഴും അവ എത്രമാത്രം വിദ്യാർഥികൾക്ക് ഉപയോഗപ്രദമാവുന്നു എന്ന പഠനം നടക്കാറില്ല.
വിദ്യാർഥികൾക്കും അധ്യാപകർക്കും പൊല്ലാപ്പ്
മുമ്പ് വിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞി കുട്ടികളും അധ്യാപകരും മടികൂടാതെ കഴിച്ചിരുന്നു. ഉച്ചക്കഞ്ഞിക്ക് ഉപയോഗിച്ചിരുന്ന അരി മാറിയതോടെ വിദ്യാർഥികളും ഉച്ചക്കഞ്ഞിയിൽ നിന്നും വഴിമാറി. കഴിഞ്ഞ അധ്യയന വർഷമാണ് സാധാരണ അരി മാറ്റി കൃത്രിമ പോഷകങ്ങളാൽ സമ്പുഷ്ടീകരിച്ച അരി ഏർപ്പെടുത്തിയത്.
ഈ അരി സാധാരണ അരി കഴുകുന്നത് പോലെ കഴുകാനോ ചോറ് ഉണ്ടാക്കുമ്പോൾ വെള്ളം ഊറ്റിക്കളയാനോ പാടില്ലെന്നാണ് ചട്ടം. കൊഴുത്ത കഞ്ഞിവെള്ളം വറ്റിക്കുന്നതോടെ കൊഴുപ്പ് കലർന്ന ചോറാണ് ലഭിക്കുക. ഈ ചോറ് വിദ്യാർഥികളെ മനം മടുപ്പിച്ച് ഭക്ഷണം കഴിക്കാത്ത അവസ്ഥ സൃഷ്ടിക്കാനിടയാക്കിയിട്ടുണ്ട്. ബഹുഭൂരിപക്ഷം വിദ്യാലയങ്ങളിലും 40 ശതമാനത്തോളം വിദ്യാർഥികൾ സ്കൂളിലെ ഉച്ചഭക്ഷണം കഴിക്കുന്നില്ലെന്ന് അധ്യാപകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
തണുത്തതെങ്കിലും വീട്ടിൽ നിന്നു കൊണ്ടുവരുന്ന ഭക്ഷണമാണ് വിദ്യാർഥികൾ കഴിക്കുന്നത്. വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ച് വറ്റിച്ചെടുത്താൽ ഗന്ധകശാല അരിപോലെ രുചികരമാണെങ്കിലും സാമ്പത്തിക ബാധ്യത കാരണം വിദ്യാലയ അധികൃതർ ചെയ്യാറില്ല. കുഴഞ്ഞുമറിഞ്ഞ ചോറിലേക്ക് ഒട്ടും രുചികരമല്ലാത്ത കറി കൂടിയാവുമ്പോൾ സ്ഥിരംകഴിക്കുന്ന വിദ്യാർഥികളും മനം മടുത്ത് പിന്മാറുന്നു. വലിയ അളവിൽ ഭക്ഷണം വേസ്റ്റ്ബിന്നിൽ തള്ളുന്നതും ഇതോടെ പതിവാകുന്നു.
സർക്കാർ കണക്കുപ്രകാരം 500ലധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഒരു കുട്ടിക്ക് ശരാശരി ഏഴ് രൂപയാണ് ഉച്ചഭക്ഷണത്തിന് നൽകുന്നത്. അവശ്യസാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില വർധന കാരണം പഴയതുപോലെ ഉച്ചഭക്ഷണം തയാറാക്കാനാവുന്നില്ലെന്ന പരാതി വ്യാപകമാണ്.
വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും മുട്ടയും പാലും വിതരണം ചെയ്യുന്നതിനുള്ള ഫണ്ടും സർക്കാർ അനുവദിക്കുന്നുണ്ട്. ഒരു മുട്ടക്ക് 3.60 രൂപയാണ് അനുവദിക്കുന്നത്. പലപ്പോഴും രണ്ടു രൂപ കൂടി അധികം നൽകിയാൽ മാത്രമേ മുട്ട വാങ്ങാൻ കഴിയുകയുള്ളൂ. വിദ്യാർഥികൾക്ക് കഴിക്കാൻ പാകത്തിലുള്ള ഭക്ഷണം ഒരുക്കാൻ ആവശ്യമായ ഫണ്ട് സർക്കാർ നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.