മെഴുകഴകിൽ സഖാവ്; നൊമ്പരവീടായി ‘കോടിയേരി’
text_fieldsതിരുവനന്തപുരം: സഖാവിന്റെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന തലസ്ഥാനത്തെ ‘കോടിയേരി’ വീടിന്റെ പടികടന്ന് ഒരിക്കൽക്കൂടി കോടിയേരി ബാലകൃഷ്ണൻ എത്തി. ആ കാഴ്ചയുടെ വൈകാരിക നിമിഷത്തിൽ പ്രിയതമ വിനോദിനിയുടെ കണ്ണിൽ സങ്കടക്കടൽ. ആശ്വസിപ്പിക്കാനെത്തിയ മകൻ ബിനീഷും കണ്ണീരണിഞ്ഞു. ശിൽപി സുനിൽ കണ്ടലൂർ ഒരുക്കിയ മെഴുകിൽ തീർത്ത സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പൂർണകായ പ്രതിമ കുടുംബാംഗങ്ങൾക്ക് കാണാനായാണ് ഞായാഴ്ച വൈകീട്ട് വീട്ടിലെത്തിച്ചത്.
രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മുഖമുദ്രയാണ് നിറഞ്ഞ ചിരി. ചിരിച്ചുനിൽക്കുന്ന പ്രതിരൂപം കാഴ്ചയിൽ സാക്ഷാൽ കോടിയേരിതന്നെ. ജീവൻ സ്പന്ദിക്കുന്ന ആ മുഖത്തേക്ക് അൽപനേരം നോക്കിനിന്ന വിനോദിനി സഖാവിന്റെ കരം തൊട്ടു. ഓർമകളുടെ വേലിയേറ്റത്തിൽ വിതുമ്പിപ്പോയ അമ്മക്കൊപ്പം പേരക്കുട്ടികളുമുണ്ടായിരുന്നു. പ്രിയപ്പെട്ട അച്ചാച്ചൻ ഒരിക്കൽക്കൂടി മുന്നിൽ വന്നു ചിരിതൂകി നിൽക്കുന്നതിന്റെ സന്തോഷവും അമ്പരപ്പുമായിരുന്നു കുരുന്നുകളുടെ മുഖത്ത്. കോടിയേരി ബാലകൃഷ്ണന്റെ പ്രതിമ അടുത്ത ദിവസം മുതൽ തിരുവനന്തപുരത്തെ സുനിൽസ് വാക്സ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്ന് ശിൽപി സുനിൽ കണ്ടലൂർ പറഞ്ഞു. കണ്ണൂരിൽ നായനാർ അക്കാദമിയിലെ മ്യൂസിയം ജോലികൾക്കിടെയാണ് മെഴുക് പ്രതിമ ചെയ്യാനുള്ള താൽപര്യം കോടിയേരിയോട് പറഞ്ഞിരുന്നത്. ശേഷം രോഗാവസ്ഥയിലായതിനാൽ കൂടിക്കാഴ്ച നടന്നില്ല. ആറു മാസമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.