‘സഖാവ് സരിന് അഭിവാദ്യങ്ങൾ’; സി.പി.എം ഓഫിസിൽ ലഭിച്ചത് ചുവപ്പൻ സ്വീകരണം
text_fieldsപാലക്കാട്: കോൺഗ്രസിനോട് വിട പറഞ്ഞ് സി.പി.എമ്മിലെത്തിയ ഡോ. പി. സരിന്, സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നേ സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി ഓഫിസിൽ ആവേശോജ്ജ്വല സ്വീകരണം. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ വീട്ടിൽനിന്ന് ഓട്ടോയിൽ ജില്ല കമ്മിറ്റി ഓഫിസിനു മുന്നിൽ വന്നിറങ്ങിയതോടെ ‘സഖാവ് സരിന് അഭിവാദ്യങ്ങൾ’ എന്ന മുദ്രാവാക്യം വിളികളുയർന്നു. പാർട്ടിയിലേക്ക് പുതുതായി എത്തിയ സരിനെ കാത്ത് നിരവധി പ്രവർത്തകർ എത്തിയിരുന്നു. ഓരോരുത്തരായെത്തി, ചുവപ്പ് ഷാൾ അണിയിച്ചു
കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലൻ, എം.എൽ.എമാരായ കെ. ബാബു, പി.പി. സുമോദ്, എ. പ്രഭാകരൻ, ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു, മുൻ എം.പി എൻ.എൻ. കൃഷ്ണദാസ്, മുൻ എം.എൽ.എ ടി.കെ. നൗഷാദ് എന്നിവർ സ്വീകരിക്കാനെത്തിയിരുന്നു.
സരിൻ: സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ; പ്രദീപ് ചേലക്കരയിൽ രണ്ടാം വട്ടം
തിരുവനന്തപുരം: പാലക്കാട്ട് ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന ഡോ.പി. സരിൻ 2016 ലാണ് സിവിൽ സർവിസ് ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. യൂത്ത് കോൺഗ്രസിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശനം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്‍റെ ഗവേഷണ വിഭാഗത്തിലും ഐ.ടി സെല്ലിലും പ്രവര്‍ത്തിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരിക്കെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2023ൽ അനിൽ ആന്റണി രാജിവെച്ച് പുറത്ത് പോയതോടെയാണ് കെ.പി.സി.സി ഡിജിറ്റൽ മീഡിയയുടെ ചുമതലയിലേക്കെത്തിയത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പാർട്ടി വിട്ടതും ഇടതിൽ ചേർന്നതും. 2016 മുതൽ 21 വരെ ചേലക്കര എം.എൽ.എയായിരുന്നു യു.ആർ. പ്രദീപ്. 2022 മുതൽ സംസ്ഥാന പട്ടികജാതി-വർഗ വികസന കോർപറേഷൻ ചെയർമാനാണ്. 2000-2005 കാലയളവിൽ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.