സ്വാശ്രയ മെഡിക്കൽ ഫീസിൽ ആശങ്ക ബാക്കി; വിദ്യാർഥിപ്രവേശനം ഇന്ന് തുടങ്ങും
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസിൽ വിദ്യാർഥികളും രക്ഷാകർത്താക്കളും ആശങ്കയിലിരിക്കെ ആദ്യ അലോട്ട്മെൻറിലുള്ള പ്രവേശനം തിങ്കളാഴ്ച തുടങ്ങും. ഉയർന്ന ഫീസിന് വഴിവെക്കുന്ന ഹൈകോടതിവിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും അലോട്ട്മെൻറ് ലഭിച്ച ഒേട്ടറെപ്പേർ ആശങ്കയിലാണ്.
കോടതിയോ കോടതി നിശ്ചയിക്കുന്ന സമിതിയോ ഉയർന്ന ഫീസ് നിശ്ചയിച്ചാൽ അത് നൽകാൻ തയാറാണെന്ന സത്യവാങ്മൂലം ഒപ്പിട്ടുനൽകിയാൽ മാത്രമേ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കൂ. ഫീസ് നിർണയസമിതി നിശ്ചയിച്ച ഫീസാണ് ഇൗ ഘട്ടത്തിൽ ഒടുക്കേണ്ടത്.
ഭാവിയിൽ ഇൗ തുക ഉയർന്നാൽ അടക്കാൻ തയാറാണെന്ന സത്യവാങ്മൂലം കുരുക്കാകുമെന്ന ആശങ്കയിലാണ് ഒട്ടുമിക്ക രക്ഷാകർത്താക്കളും. 6.22 ലക്ഷം മുതൽ 7.65 ലക്ഷം രൂപ വരെയാണ് ഫീസ് നിർണയസമിതി നിശ്ചയിച്ച ഫീസ്. എന്നാൽ 10.48 ലക്ഷം മുതൽ 20.7ലക്ഷം വരെയാണ് വിവിധ കോളജുകൾ ഫീസായി ആവശ്യപ്പെട്ടിരിക്കുന്നത്.
കോളജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് വരെ നൽകേണ്ടിവരുമെന്ന് വിദ്യാർഥികളെ അറിയിക്കാനാണ് ഹൈകോടതി നിർദേശം. ഇതുപ്രകാരം സ്വാശ്രയ കോളജുകൾ ആവശ്യപ്പെടുന്ന ഫീസ് നിരക്ക് പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ചിരുന്നു. ഫീസ് ഉയരില്ലെന്ന പ്രതീക്ഷയിലാണ് ബഹുഭൂരിഭാഗം വിദ്യാർഥികളും തിങ്കളാഴ്ച മുതൽ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിനെത്തുന്നത്.
ഫീസ് ഉയരുന്ന സാഹചര്യമുണ്ടായാൽ അത് സർക്കാറിനും തിരിച്ചടിയാകും. 26ന് വൈകീട്ട് മൂന്നിന് മുമ്പ് കോളജുകളിൽ പ്രവേശനം നേടണം. ഇൗ സമയത്തിനകം പ്രവേശനം നേടാത്തവരുടെ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഉയർന്ന ഒാപ്ഷനുകളും റദ്ദാകും.
വെള്ളിയാഴ്ച അർധരാത്രിയോടെയാണ് മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെൻറ് മെമ്മോ വിദ്യാർഥികൾക്ക് വെബ്സൈറ്റിൽ ലഭ്യമാക്കിയത് ശനിയാഴ്ച ഉച്ചയോടെ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.