താൽക്കാലിക ഭിന്നശേഷി സർട്ടിഫിക്കറ്റുകളിൽ പെൻഷൻ അനുവദിക്കില്ലെന്ന ഉത്തരവിൽ ആശങ്ക
text_fieldsമലപ്പുറം: താൽക്കാലിക ഭിന്നശേഷി (ഡിസബിലിറ്റി) സർട്ടിഫിക്കറ്റുകളിൽ ഇനി ക്ഷേമ പെൻഷനുകൾ അനുവദിക്കേണ്ടതില്ലെന്ന പഞ്ചായത്ത് വകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ ആശങ്ക. മെഡിക്കൽ ബോർഡ് താൽക്കാലിക വൈകല്യം എന്ന് രേഖപ്പെടുത്തുകയും കാലാവധി രേഖപ്പെടുത്താതിരിക്കുകയും ചെയ്യുന്ന സർട്ടിഫിക്കറ്റിന്മേൽ ക്ഷേമ പെൻഷൻ അനുവദിക്കാൻ സാധിക്കുകയില്ലെന്നും ഇത്തരക്കാർ സ്ഥിര വൈകല്യം എന്ന് രേഖപ്പെടുത്തിയ യുണീക് ഡിസബിലിറ്റി ഐ.ഡി കാർഡ് ഹാജരാക്കിയാൽ മാത്രം ആനുകൂല്യം നൽകാമെന്നുമാണ് ഉത്തരവിലുള്ളത്. നവംബർ ഒന്നിന് ഇറങ്ങിയ ഉത്തരവ് നിരവധി ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഇടവരുത്തുമെന്നും നിയമത്തിനെതിരാണെന്നും ആക്ഷേപമുണ്ട്.
ഏതു ഭിന്നശേഷിക്കാർക്കും താത്കാലിക സർട്ടിഫിക്കറ്റാണ് ആദ്യ ഘട്ടത്തിൽ അനുവദിക്കുന്നത്. രണ്ടോ മൂന്നോ തവണത്തെ പരിശോധനകൾക്ക് ശേഷമോ വർഷങ്ങൾക്കു ശേഷമോ 18 വയസ്സിനു ശേഷമോ ആണ് സ്ഥിരം സർട്ടിഫിക്കറ്റ് അനുവദിക്കാറ്. എന്നാൽ 'സ്ഥിരം' എന്നു രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റുകളിൽ ഭിന്നശേഷിക്കാർക്ക് ക്ഷേമ പെൻഷനോ മറ്റാനുകൂല്യങ്ങളോ നിഷേധിക്കുന്ന പതിവ് ഇതു വരെയുണ്ടായിരുന്നില്ല. പഞ്ചായത്ത് ഡയറക്ടറുടെ പുതിയ ഉത്തരവ് വിചിത്രവും സർക്കാർ നയത്തിനു വിരുദ്ധവുമാണെന്ന വ്യാപക പരാതി ഉയർന്നിട്ടുണ്ട്.
പഞ്ചായത്ത് വകുപ്പു ഡയറക്ടറുടെ ഉത്തരവ് 2016ലെ ഭിന്നശേഷി അവകാശ നിയമത്തിനും സർക്കാർ പൊതു നയത്തിനും വിരുദ്ധമാണെന്നും ഇത് പിൻവലിച്ച് ഭിന്നശേഷി വിഭാഗത്തോട് നീതി പുലർത്തണമെന്നും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ 'പരിവാർ' കമ്മിറ്റി ഭാരവാഹികളായ സെക്രട്ടറി പി.എ. റഷീദ്, പി. ഖാലിദ് മാസ്റ്റർ എന്നിവർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.