'സഭാ ബന്ധ' വിവാദത്തിൽ ആശങ്ക; അവസാനിപ്പിക്കാൻ യു.ഡി.എഫ് ശ്രമം
text_fieldsകൊച്ചി: എൽ.ഡി.എഫ് സ്ഥാനാർഥിയുടെ 'സഭാ ബന്ധ'മെന്ന വിവാദം ഇനിയും തുടരുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിൽ യു.ഡി.എഫ്. വിവാദം എങ്ങനെയും അവസാനിപ്പിക്കാനാണ് ശ്രമം.
വിവാദത്തിന് ശക്തി പകരുന്ന പ്രസ്താവനകളാണ് കഴിഞ്ഞ ദിവസങ്ങളിൽ യു.ഡി.എഫ് നേതാക്കളിൽനിന്ന് ഉണ്ടായത്. സ്ഥാനാർഥി കാര്യത്തിൽ സി.പി.എം ബ്രാൻഡിങ്ങിന് ശ്രമിക്കുന്നെന്ന ആരോപണവുമായി കെ.സി.ബി.സി മുൻ വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ടിൽ ശനിയാഴ്ച രംഗത്തെത്തിയത് വിവാദം സജീവമാക്കി നിർത്താനിടയാക്കി.
വൈദികർക്കൊപ്പം സ്ഥാനാർഥിയെ അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്നും കേരളത്തിൽ ഇതുവരെ കാണാത്ത പ്രവണതയാണിതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബ്രാൻഡിങ് ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെങ്കിൽ സി.പി.എം അത് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിന് അനുകൂലമായും പ്രതികൂലമായും ചർച്ച കൊഴുക്കുകയാണ്. ഫാ. പോൾ തേലക്കാട് കഴിഞ്ഞ ദിവസത്തെ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. സഭയെ സ്ഥാനാർഥി നിർണയത്തിലേക്ക് സി.പി.എം വലിച്ചിഴച്ചെന്നാണ് പൊതു ആരോപണം.
അതേസമയം, സഭയെ സി.പി.എമ്മും സ്ഥാനാർഥിയുമായി ബന്ധപ്പെടുത്തിയത് ആരാണെന്ന മറുചോദ്യം ഉന്നയിച്ചാണ് എൽ.ഡി.എഫ് വോട്ടർമാരെ നേരിടുന്നത്. ലിസി ആശുപത്രിയിൽ ഡയറക്ടറായ വൈദികന്‍റെ സാന്നിധ്യത്തിൽ സ്ഥാനാർഥി മാധ്യമങ്ങളെ കണ്ടത് സഭയുമായി ബന്ധപ്പെടുത്തി വിവാദമാക്കിയപ്പോൾ യു.ഡി.എഫ് അടക്കം അത് ഏറ്റെടുക്കുകയായിരുന്നെന്നാണ് എൽ.ഡി.എഫ് പ്രചരിപ്പിക്കുന്നത്. ഇക്കാര്യം മന്ത്രി പി. രാജീവ് വാർത്തസമ്മേളനത്തിൽ ഉന്നയിക്കുകയും ചെയ്തു.
പരമ്പരാഗതമായി മണ്ഡലത്തിലെ ക്രൈസ്തവ സഭാ വോട്ടുകളിലേറെയും യു.ഡി.എഫിനാണ് ലഭിച്ചുവരുന്നത്. എൽ.ഡി.എഫിനെതിരെ തിരിക്കാൻ സഭയെയും കർദിനാളടക്കം നേതൃത്വത്തെയും ബന്ധപ്പെടുത്തി തുടങ്ങിയ വിവാദം സഭാ വിശ്വാസികൾക്കിടയിൽ അലോസരമുണ്ടാക്കിയിട്ടുണ്ട്. ഇത് സഭാ അണികൾക്കിടയിൽ യു.ഡി.എഫ് വിരുദ്ധ മനോഭാവം ഉണ്ടാക്കാനിടയുണ്ടെന്ന സന്ദേശം സഭയുമായി അടുപ്പം പുലർത്തുന്ന മുന്നണി നേതാക്കൾ നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിൽ സഭ ഇടപെടാറില്ലെന്നും അത്തരം ആരോപണങ്ങൾക്കു പിന്നിൽ നിക്ഷിപ്ത താൽപര്യക്കാരാണെന്നും രമേശ് ചെന്നിത്തലയും യു.ഡി.എഫ് ജില്ല ചെയർമാൻകൂടിയായ ഡൊമിനിക് പ്രസന്‍റേഷനുമടക്കമുള്ളവരും അഭിപ്രായപ്പെട്ടതും ഈ സാഹചര്യത്തിലാണ്. എൽ.ഡി.എഫ് സ്ഥാനാർഥി നിർണയത്തിന് പിന്നിൽ ബാഹ്യശക്തികളാണെന്നാണ് പറഞ്ഞതെന്നും സഭയെന്ന് കുറ്റപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി.
സഭാ നേതൃത്വവുമായി അകന്നുനിൽക്കുന്ന ചിലർ മുതലെടുപ്പിന് നടത്തുന്ന ശ്രമങ്ങളിൽ യു.ഡി.എഫ് പങ്കാളിയാകേണ്ടതില്ലെന്നും ഇത്തരം ആരോപണങ്ങളെ ഇനി പിന്തുണക്കേണ്ടതില്ലെന്നുമുള്ള തീരുമാനമാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നതെന്നാണ് അറിവ്. കെ-റെയിലടക്കം വികല വികസന നയങ്ങളെ എതിർത്ത് വരും ദിവസങ്ങളിൽ പ്രചാരണം കൊഴുപ്പിച്ച് സഭാ വിവാദം അണക്കാനാണ് യു.ഡി.എഫ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.