സ്വകാര്യ ബസ്സുകളിലെ കൺസഷൻ ഇനി ആപ് വഴി -മന്ത്രി
text_fieldsകോഴിക്കോട്: സ്വകാര്യ ബസ്സുകളിൽ വിദ്യാർഥികൾക്ക് യാത്രാ കൺസഷൻ അനുവദിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് പുതിയ ആപ് രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ആപ് വഴി മോട്ടോർ വാഹന വകുപ്പിന് അപേക്ഷ സമർപ്പിക്കാം. എം.വി.ഡി അനുവദിക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യാം.
വിദ്യാർഥികൾ കയറുന്ന ബസ്സിൽ പണം നൽകിയാൽ മതിയെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കുള്ള ശീതീകരിച്ച വിശ്രമമുറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സി ഓൺലൈൻ കൺസഷൻ കാർഡ് വിജയകരമാണ്. ഇതിന്റെ തുടർച്ചയായാണ് സ്വകാര്യ ബസ്സുകളിൽ നടപ്പാക്കുന്നത്. എല്ലാ കെ.എസ്.ആർ.ടി.സി സർവിസുകളും ഏതാനും ആഴ്ചകൾക്കകം ചലോ ആപ്പുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.
കെ.എസ്.ആർ.ടി.സി ബസ്സുകൾ എപ്പോൾ വരുമെന്ന് യാത്രക്കാർക്ക് ആപ്പിലൂടെ ആറിയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ്സുകൾ ഒക്ടോബർ 10 മുതൽ റോഡിലിറങ്ങും. ദീർഘദൂര യാത്രക്കാർക്ക് നല്ല ഭക്ഷണവും വിശ്രമസൗകര്യവും ഒരുക്കുന്നതിനുവേണ്ടി സ്വകാര്യ റസ്റ്റോറന്റുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒരു ബസ് നിർത്തുമ്പോൾ 100 രൂപയും ഡ്രൈവർക്കും കണ്ടക്ടർക്കും ഭക്ഷണവും റസ്റ്റോറന്റുകൾ നൽകണം. ഇത്തരം കേന്ദ്രങ്ങളിൽ മാത്രമേ ഇനി ദീർഘദൂര ബസ്സുകൾ നിൽക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റൽ ആക്കും. ചിത്രങ്ങളും ക്യൂആർ കോഡും ഉൾപ്പെടുന്ന ലൈസൻസ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പ്രിന്റ് ചെയ്ത കാർഡ് വേണമെന്ന് നിർബന്ധിക്കാൻ പാടില്ലെന്ന് നിയമത്തിൽതന്നെ പറയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ട്രാഫിക് കുറ്റകൃത്യങ്ങളിൽ ജനങ്ങൾക്ക് പരാതി അറിയിക്കാൻ സിറ്റിസൺസ് ആപ്പും ഉടൻ വരും.
ഇങ്ങനെ കുറ്റകൃത്യങ്ങൾ അറിയിക്കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.