നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു; പക്ഷിപ്പനി ആശങ്ക ഒഴിയുന്നു, പുതിയ കേസുകളില്ല
text_fieldsആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി ആശങ്ക ഒഴിയുന്നു. 10 ദിവസത്തിനിടെ ഒരിടത്തും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
ഇതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം ആലോചിക്കും. ഭോപാലിലെ ലാബിലേക്ക് അയച്ച മുഴുവൻ സാമ്പിളുകളുടെയും ഫലം കിട്ടിയെന്നത് ആശ്വാസകരമാണ്. ഏപ്രിൽ തുടങ്ങിയ രോഗവ്യാപനത്തിലൂടെ ജില്ലയിൽ 29 ഇടത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗമുക്തമാക്കുന്നതുവരെ പക്ഷിപ്പനിബാധിത പ്രദേശങ്ങളിൽ നിരീക്ഷണം തുടരും.
ജൂൺ 27ന് ചേന്നം പള്ളിപ്പുറത്തുനിന്ന് ശേഖരിച്ച സാമ്പിളിലാണ് അവസാനമായി രോഗം കണ്ടെത്തിയത്. ഇതിനുശേഷം ജില്ലയിൽ എവിടെയും പക്ഷികൾ കൂട്ടത്തോടെ ചാകുന്ന കേസുകളുണ്ടായിട്ടില്ല. ചേന്നം പള്ളിപ്പുറം, വലയാർ പഞ്ചായത്തുകളിലെ പ്രഭവകേന്ദ്രമായ വാർഡുകളിൽ വളർത്തുപക്ഷികളെ കൊന്ന് കത്തിക്കുന്ന കള്ളിങ് നടപടികൾക്ക് വെള്ളിയാഴ്ച തുടക്കമായി.
ശനിയാഴ്ചയും ഇത് തുടരും. ചേന്നം പള്ളിപ്പുറം പഞ്ചായത്തിലെ 12ാം വാർഡിലും ഒരുകിലോമീറ്റർ ചുറ്റളവിലുള്ള വയലാർ പഞ്ചായത്തിലെ അഞ്ചാം വാർഡിലുമാണ് മുഴുവൻ പക്ഷികളെയും കൊന്ന് സംസ്കരിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായി കാക്കകൾക്കും കൊക്കിനും പരുന്തിനും രോഗം കണ്ടെത്തിയത് ആശങ്ക പടർത്തിയിരുന്നു. തുടക്കത്തിൽ താറാവിനായിരുന്നു രോഗം. പിന്നീടത് കോഴികളിലേക്കും വ്യാപിച്ചു. വിവിധ ഇടങ്ങളിൽ കാക്കകൾ കൂട്ടത്തോടെ ചാകുന്ന സ്ഥിതിയുമുണ്ട്.
ഇതിന് പിന്നാലെ സർക്കാർ നിയോഗിച്ച വിദഗ്ധസംഘം രോഗബാധിത മേഖകളിലെത്തി കർഷകരും ജനപ്രതിനിധികളുമായി സംവദിച്ച് ടോംസ് ഓഫ് റഫറൻസ് പ്രകാരം രൂപരേഖയും തയാറാക്കി. മുൻവർഷത്തെക്കാൾ കൂടുതൽ സ്ഥലങ്ങളിൽ പക്ഷിപ്പനി ജില്ലയിൽ ആവർത്തിച്ച സാഹചര്യത്തിൽ വ്യാപനത്തിന്റെ കാരണം തേടിയാണ് സംഘമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.