പരോളോ, അടിയന്തരപരോളോ നൽകില്ല; ലഹരിക്കേസുകളിലെ ശിക്ഷാ ഇളവുകള്‍ റദ്ദാക്കി
text_fieldsപാലക്കാട്: ലഹരിക്കേസുകളിലെ ശിക്ഷാ ഇളവുകള്‍ റദ്ദാക്കി ആഭ്യന്തരവകുപ്പിന്റെ ഗസറ്റ് വിജ്ഞാപനം. ലഹരികേസുകളിലെ തടവുകാർക്ക് സാധാരണ തടവുകാർക്ക് സ്വാഭാവികമായി ലഭിക്കേണ്ട പരോളോ, അടിയന്തരപരോളോ നൽകേണ്ടതില്ലെന്ന് തീരുമാനിച്ച് ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനമിറക്കി. സാധാരണ, അസാധാരണ അവധികളും റദ്ദാക്കിയിട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിയന്ത്രണാതീതമായ വർധനവ് നിലവിലെ ശിക്ഷ നടപടികൾ പര്യാപ്തമാകുന്നില്ലെന്ന വിലയിരുത്തലിലാണ് ‘കേരള പ്രിസണുകളും സംശുദ്ധീകരണ സന്മാർഗീകരണ സേവനങ്ങളും ( നിർവഹണം)’ ചട്ടം ഭേദഗതി ചെയ്തത്.
സ്‌കൂള്‍ കുട്ടികളിലടക്കം മയക്കു മരുന്ന് ഉപയോഗം വർധിച്ചുവരുന്നു എന്നത് സര്‍ക്കാര്‍ ഗസറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് ലഹരി കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരെ ശിക്ഷാകാലാവധി കഴിയുംവരെ സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തേണ്ടതാണെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്. ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ എത്തുന്ന തടവുകാർക്ക് പരോള്‍ നൽകുക പതിവുണ്ടായിരുന്നില്ല. പിന്നീട് ലഹരിക്കേസിലെ തടവുകാർക്കും പരോളും അടിയന്തര പരോളും ലഭിച്ചു തുടങ്ങി.
വർഷം 60 ദിവസമാണ് സാധാരണ കേസുകളിലെ തടവുകാരന് സ്വാഭാവികമായി അനുവദിക്കപ്പെട്ട പരോള്‍. ബന്ധുക്കളുടെ ചികിത്സ, വിവാഹം, മരണം തുടങ്ങിയ അടിയന്തര ഘട്ടത്തിലും പരോള്‍ ലഭിക്കും. ഇതെല്ലാം ലഹരിക്കേസിൽപ്പെട്ടവർക്കും ലഭിച്ചിരുന്നു. ഇങ്ങനെ ഇറങ്ങുന്ന തടവുകാർ വീണ്ടും ലഹരിക്കടത്ത് ആസൂത്രണം ചെയ്തുവരുന്നതായും തടവുകാര്‍ കുറ്റകൃത്യം ആവര്‍ത്തിക്കുന്നതായാണ് വിലയിരുത്തൽ. പുതിയ ഉത്തരവ് പ്രകാരം ലഹരി കേസില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ ശിക്ഷാകാലയളവ് പൂര്‍ണമായും ജയിലില്‍ തന്നെ തുടരേണ്ടിവരും.. ജയിലിനുള്ളിൽ കിടന്നും ലഹരിക്കടത്ത് ആസൂത്രണം ചെയ്യുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് ജയിൽ ചട്ടം ഭേദഗതി ചെയ്ത് കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.