ധനമന്ത്രിമാരുടെ കോൺക്ലേവ്; അർഹമായ വിഹിതത്തിനായി ഒന്നിച്ച് നീങ്ങും
text_fieldsതിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കി ഫെഡറൽ സംവിധാനത്തെ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് തിരുവനന്തപുരത്ത് നടന്ന വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോൺക്ലേവ് ആവശ്യപ്പെട്ടു.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങളുടെ പേരിൽ വിഹിതം വെട്ടിക്കുറച്ച് സംസ്ഥാനങ്ങളെ ശിക്ഷിക്കരുത്. അർഹമായ നികുതിവിഹിതമടക്കം നേടുന്നതിന് യോജിച്ച പ്രവർത്തനങ്ങൾ നടത്താനും ഒന്നിച്ച് നീങ്ങാനും കേന്ദ്ര ധനകാര്യ കമീഷനുമായി ചർച്ചകൾ തുടരാനും തീരുമാനിച്ചു.
സെസും സർചാർജുകളും അഞ്ച് ശതമാനമായി നിജപ്പെടുത്തണമെന്നും അതിനപ്പുറമുള്ള എന്തും ന്യായം ഉറപ്പാക്കാൻ വിഭജിക്കാവുന്ന പൂളിൽ ഉൾപ്പെടുത്തണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ധനവിഹിതത്തിന്റെ ന്യായവും സന്തുലിതവുമായ വിതരണത്തിന് കേന്ദ്ര സർക്കാർ തയാറാകണമെന്ന് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേന്ദ്ര സർക്കാർ ഈടാക്കുന്ന സർചാർജുകളുടെയും സെസുകളുടെയും വർധിച്ചുവരുന്ന പ്രവണതയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥ ശ്രദ്ധയിൽപെടുത്തുകയും പരിഹരിക്കുകയുമാണ് കേരളം സംഘടിപ്പിക്കുന്ന ധനമന്ത്രിമാരുടെ കോൺക്ലേവിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
വിഭവ വിതരണത്തിലെ പുരോഗതിയിൽ സന്തുലിതാവസ്ഥ ഉണ്ടാകണമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങൾ ഏറ്റെടുക്കുന്ന സാമൂഹിക, വികസന പദ്ധതി ചെലവുകളും സംസ്ഥാനങ്ങൾക്ക് ലഭ്യമായ വിഭവങ്ങളും തമ്മിലെ അസന്തുലിതാവസ്ഥയാണ് സംസ്ഥാനങ്ങൾ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയെന്ന് പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ പറഞ്ഞു. സാമൂഹിക വികസനവും പൊതു സേവനങ്ങളുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഉത്തരവാദിത്തങ്ങളും സംസ്ഥാനങ്ങളെ ഏൽപിച്ചിരിക്കേ വരുമാനം സൃഷ്ടിക്കാനുള്ള അധികാരത്തിന്റെ ഭൂരിഭാഗവും കേന്ദ്രം നിലനിർത്തുന്നതാണ് സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസു അഭിപ്രായപ്പെട്ടു.
സാമൂഹിക നീതിക്കുവേണ്ടിയും തുല്യതക്കുമുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കോൺക്ലേവിനെ കാണുന്നതെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബേരെ ഗൗഡ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.