ഇടമലക്കുടിയിലേക്ക് കോണ്‍ക്രീറ്റ് റോഡ് ഒരുങ്ങുന്നു
text_fieldsതൊടുപുഴ: മികച്ച റോഡിനായി പതിറ്റാണ്ടുകളായുള്ള ഇടമലക്കുടിക്കാരുടെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു. കൊടും വനത്തിലുള്ള കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്റെ നിർമാണ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ ആവേശത്തോടെയാണ് ഗോത്ര സമൂഹം വരവേറ്റത്.
അംഗൻവാടിയിലെ കുട്ടികൾക്കൊപ്പം സമയം ചിലവഴിച്ച മന്ത്രി കുടിയിൽനിന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. ഇടമലക്കുടി നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് റോഡ് വേണമെന്നത്. ഇടമലക്കുടിക്കായി ആവിഷ്കരിച്ച ഒട്ടേറെ വികസനപദ്ധതികളും പാക്കേജുകളും പാതി വഴിയിൽ നിലക്കാൻ കാരണം റോഡടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു. മൂന്നാറിൽനിന്ന് 28 കിലോമീറ്റർ അകലെ 24 കുടികൾ ഉൾപ്പെട്ട ഇടമലക്കുടിയിലെ കൊടും കാടിന് നടുവിൽ 2255 പേരാണ് അധിവസിക്കുന്നത്. പുറത്തുനിന്നുള്ളവർക്ക് ഇവിടേക്ക് എത്തണമെങ്കിൽ വനം വകുപ്പിന്റെ അനുമതിയോടെ ദുർഘടമായ കാനന പാതകൾ താണ്ടണം. തകർന്ന് കിടക്കുന്ന പാതയിലൂടെ ആശുപത്രിയാവശ്യങ്ങൾക്കും ഭക്ഷ്യ വസ്തുക്കളെത്തിക്കാനും ഏറെ ദുരിതമാണ് നേരിട്ടിരുന്നത്. പെട്ടിമുടി മുതല്‍ സൊസൈറ്റിക്കുടി വരെ 12.5 കിലോമീറ്റര്‍ ദൂരത്തിലാണ് വനത്തിലൂടെ റോഡ് നിര്‍മിക്കാൻ ഒരുങ്ങുന്നത്. പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച 18.45 കോടി ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് മൂന്ന് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.